തീവ്രവാദത്തിനെതിരേ നടപടി കടുപ്പിച്ച് ബ്രിട്ടന്‍; ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയ നടപടി ശരിവച്ച് കോടതി

തീവ്രവാദത്തിനെതിരേ നടപടി കടുപ്പിച്ച് ബ്രിട്ടന്‍;  ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയ നടപടി ശരിവച്ച് കോടതി

ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് സിറിയയ്ക്ക് വേണ്ടി പോരാടാന്‍ പോയതിനെ തുടര്‍ന്ന് യുകെ പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെ ഷമീമ ബീഗം നല്‍കിയ അപ്പീല്‍ തള്ളി ബ്രിട്ടീഷ് ഉന്നത കോടതി. ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിന് ഇനി പൗരത്വം തിരിച്ചുനല്‍കേണ്ടതില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടും.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ 2019 ലാണ് സര്‍ക്കാര്‍ ഷമീമ ബീഗത്തിന്റെ പൗരത്വം എടുത്തുകളഞ്ഞത്. ഒന്‍പത് വര്‍ഷം മുമ്പ് 15 വയസുള്ളപ്പോള്‍ ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വം റദ്ദാക്കിയത്

ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷമീമ ബീഗം നല്‍കിയ കേസിലാണ് ബ്രിട്ടനിലെ ഉന്നത കോടതി വിധി ഇപ്പോള്‍ പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറിയായ സാജിദ് ജാവിദ് തന്നെയാണ് ഷമീമ ബീഗം അപകടകാരിയാണെന്ന നിലപാടെടുത്തതെന്നും അതാണ് കോടതി പരിഗണിച്ചതെന്നും ഷമീമ ബീഗത്തില്‍ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി പറഞ്ഞു. ഷമീമ ബീഗത്തിന് പൗരത്വം തിരിച്ചുനല്‍കേണ്ടെന്ന 2019ലെ ബ്രിട്ടനിലെ കീഴ്ക്കോടതിയുടെ വിധി മേല്‍ക്കോടതി ശരിവെയ്ക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതിയിലെ മൂന്നു ജഡ്ജിമാരും ഐകകണ്‌ഠ്യേനെയണ് അപ്പീല്‍ തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇനി സുപ്രീം കോടതി മാത്രമാണ് ഷെമീമയ്ക്ക് ഇക്കാര്യത്തില്‍ ആശ്രയം. ഷെമീമയ്ക്ക് നീതി ലഭ്യമാകുംവരെ നിയമപോരാട്ടം തുടരുമെന്ന് അവരുടെ സോളിസിറ്റര്‍ ഡാനിയേല്‍ ഫര്‍ണര്‍ വ്യക്തമാക്കി.

സിറിയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഷമീമ ബീഗം ഒടുവില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവന്ന് ജീവിക്കാമെന്ന പദ്ധതിയിലായിരുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രാദത്തിനെതിരേ കര്‍ശന നിലപാടാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം യുകെയിലേക്ക് കുടിയേറിയ ഷമിമ ബീഗം ബംഗ്ലാദേശ് സ്വദേശിനിയാണ്. സിറിയയിലെ അല്‍ റോജില്‍ തടങ്കലിലാണ് ഇപ്പോള്‍ ഷമീമ ബീഗം. ഷമീമയോടൊപ്പം അന്ന് സിറിയയില്‍ പോയ ഖദീജ് സുല്‍ത്താനയും അമീറയും കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ ഒരു പ്രദേശത്തെ ഐഎസ് ഭരണത്തിന്‍ കീഴില്‍ ഷമീമ ബീഗം മൂന്ന് വര്‍ഷത്തോളം ജീവിച്ചു. പിന്നീട് ഡച്ചുകാരനായ ഒരു ഐഎസ് പോരാളിയെ വിവാഹം കഴിച്ചതോടെയാണ് ഷമീമ ഐഎസ് വധു എന്നറിയപ്പെട്ടുതുടങ്ങിയത്. 2019ലാണ് ഇവര്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ടത്. തുടര്‍ന്നാണ് അവര്‍ യുകെയിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.