ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ; ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ; ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം

കൊച്ചി: തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് തിരിച്ചു കയറി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നില മെച്ചപ്പെടുത്താന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണ്. നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവയെ നേരിടും.

തുടക്കത്തില്‍ വിജയത്തുടര്‍ച്ചകളില്‍ വന്ന ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ മത്സരങ്ങളിലും തോല്‍വിയാണ് ഫലം. സൂപ്പര്‍ കപ്പില്‍ ഉള്‍പ്പെടെ മോശം ഫോമിലായിരുന്നു കേരള ടീം. ഗോവയ്ക്കെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോള്‍ പരിക്കാണ് കൊമ്പന്മാര്‍ക്ക് ഭീഷണി.

സീസണിലെ ആദ്യ റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഗോവയ്ക്കൊപ്പമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ അന്ന് വിജയിച്ചത്. കളം നിറഞ്ഞ് കളിക്കുന്ന അഡ്രിയാന്‍ ലൂണയുടെ പരിക്ക് ടീമിന് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ പല മത്സരങ്ങളിലും കളിക്കാന്‍ പറ്റാതിരുന്ന ലൂണ തുടര്‍ന്നുള്ള മത്സരങ്ങളിലും ഇറങ്ങില്ലെന്നാണ് സൂചന.

പരിക്കിന്റെ പിടിയിലായിരുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് തിരിച്ചെത്തിയേക്കും. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല.

തുടര്‍ തോല്‍വികള്‍ തിരിച്ചടിയായതോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. മറുവശത്ത് നാലാം സ്ഥാനത്തുള്ള ഗോവയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയം അനിവാര്യമാണ്. അതിനാല്‍ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നത്തെ പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.