പാരിസ്: ഫ്രാന്‍സിന്റെ ദേശീയ പതാകയെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ മുസ്ലീം പുരോഹിതനെ ഫ്രാന്‍സ് നാടുകടത്തി. ഇന്റീരിയര്‍ മന്ത്രി ജെറാള്‍ഡ് ദര്‍മാനിയന്റേതാണ് നടപടി. ടുണീഷ്യന്‍ പൗരനായ ഇമാം മഹ്ജൂബ് മഹ്ജൂബിയെയാണ് അറസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ നാടുകടത്തിയത്.
ഫ്രഞ്ച് പതാക പൈശാചികമാണെന്നായിരുന്നു ഇമാമിന്റെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.
ഫ്രഞ്ച് നഗരമായ ബഗ്‌നോല്‍സ്-സുര്‍-സെസില്‍ സ്ഥിതിചെയ്യുന്ന ഇട്ടൗബ മസ്ജിദിലെ പുരോഹിതനായിരുന്നു ഇമാം മഹ്ജൂബ് മഹ്ജൂബി. വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ, തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തടിതപ്പാന്‍ ഇമാം ശ്രമിച്ചെങ്കിലും നടന്നില്ല.
ഫ്രഞ്ച് ത്രിവര്‍ണ പതാകയോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പരാമര്‍ശത്തെ തെറ്റിദ്ധരിച്ചതാണെന്നും ഇമാം പറഞ്ഞു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്ത് രാജ്യത്ത് നിന്ന് പുറത്താക്കുകയായിരുന്നു ഫ്രഞ്ച് ഭരണകൂടം. നാടുകടത്തല്‍ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നാണ് ഇമാമിന്റെ അഭിഭാഷകന്‍ അറിയിച്ചത്.
അസഹിഷ്ണുതയും അക്രമാസക്തവും പിന്തിരിപ്പനുമായ ആശയം പ്രചരിപ്പിക്കാനാണ് ഇമാം മഹ്ജൂബി ശ്രമിച്ചതെന്ന് പുറത്താക്കല്‍ ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക് മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രമാണ് പ്രചരിപ്പിക്കുന്നത്. സ്ത്രീകളോടുള്ള വിവേചനം, ജൂതസമൂഹവുമായി സംഘര്‍ഷം, ജിഹാദിസ്റ്റ് ചിന്തകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ പുലര്‍ത്തുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മുസ്ലീം പുരോഹിതനെ കഴിഞ്ഞ ദിവസം ടുണീഷ്യയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതായി റേഡിയോ നെറ്റ്വര്‍ക്ക് ഫ്രാന്‍സ് ഇന്‍ഫോയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.