ആഫ്രിക്ക വീണ്ടും തേങ്ങുന്നു; ബുര്‍ക്കിനാ ഫാസോയില്‍ ഞായറാഴ്ച ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ആഫ്രിക്ക വീണ്ടും തേങ്ങുന്നു; ബുര്‍ക്കിനാ ഫാസോയില്‍ ഞായറാഴ്ച ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഞായറാഴ്ച ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.

ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവ സ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞതെന്ന് ബിഷപ്പിന്റെ വാക്കുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖ്യത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളായതു കൊണ്ടുതന്നെ ഇസ്ലാമിക് സംഘടനകളെതന്നെയാണ് സംശയിക്കുന്നതും. കൂടാതെ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവവുമാണ്.

ബുർക്കിന ഫാസോ വിശാലമായ സഹേൽ പ്രദേശത്തിൻ്റെ ഭാഗമാണ്. മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പേരിൽ ആരോപിക്കപ്പെടുന്ന ക്രൂരതകളിൽ ഏറ്റവും പുതിയത് മാത്രമാണ് ഈ ആക്രമണം. ദേവാലയങ്ങൾക്കും പുരോഹിതന്മാർക്കും വിശ്വാസികൾക്കും നേരെയുള്ള തീവ്രാവദി ആക്രമണങ്ങൾ ഈ മേഖലയിൽ വർധിച്ച് വരികയാണ്. 2011ൽ ലിബിയയുടെ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇവിടെ തീവ്രവാദി ആക്രമണങ്ങൾ രൂക്ഷമായി. 2015 മുതൽ ജിഹാദിസ്റ്റ് കലാപം ബുർക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചിരുന്നു.

രാജ്യത്തെ ആകെയുള്ള ജനസംഖ്യയിൽ 60 ശതമാനം മുസ്ലീങ്ങളും 25ശതമാനം കത്തോലിക്കരും 15ശതമാനം മറ്റ് മത വിശ്വാസങ്ങളിൽ ഉൾപ്പെട്ടവരുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.