വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭന്‍

 വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ  പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭന്‍

കണ്ണൂര്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. 87 വയസുകാരി രോഗിയായ സ്ത്രീ, ജോസഫൈന് പരാതി കൊടുത്തിട്ട് മോശമായിട്ടാണ് അവര്‍ പെരുമാറിയതെന്ന് പത്മനാഭന്‍ പറഞ്ഞു.

ഗൃഹ സന്ദര്‍ശത്തിനിടെ പി ജയരാജനോടാണ് പത്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്. 87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായി പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണിത്. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനെന്നും പത്മനാഭന്‍ ചോദിച്ചു. പൊലിസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.

ഇന്നും ബ്രിട്ടീഷ് പൊലീസിനെ പോലെ തന്നെയാണ് കേരളാ പൊലിസിന്റെ പെരുമാറ്റം. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇങ്ങനെയാണ് പൊലിസെന്നും പത്മനാഭന്‍ പറഞ്ഞു ശരീരഭാഷ തന്നെ ദയാദാക്ഷിണ്യം ഉളള രീതിയലാവണം ഇത്തരത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പെരുമാറേണ്ടത്. അതൊന്നുമില്ലാത്ത രീതിയിലാണ് അവരുടെ പെരുമാറ്റം. എല്ലാവര്‍ക്കും ഇന്നോവ കാറുണ്ട്. വലിയ ശമ്പളവും ഉണ്ട്. ഞാന്‍ അന്വേഷിക്കും എന്നല്ലേ പറയേണ്ടത്. ഇതിന്റെ ദുഷ്പ്പേര് ആര്‍ക്കാണ് പിണറായി സര്‍ക്കാരിനല്ലെയെന്നും പത്മനാഭന്‍ ചോദിച്ചു.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജന്‍ ടി പത്മനാഭനുമായി സംസാരിച്ചു.

തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എം.സി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല. പത്തനംതിട്ട സ്വദേശിയായ എണ്‍പത്തേഴുകാരിയായ പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയെന്ന ആക്ഷേപമാണ് എംസി ജോസഫൈനെതിരെ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.