ഡ്രൈവിങ് ലൈസന്‍സ് വൈകാതെ കൈയിലെത്തും; അച്ചടിത്തുകയിലെ കുടിശിക അനുവദിച്ചു

ഡ്രൈവിങ് ലൈസന്‍സ് വൈകാതെ കൈയിലെത്തും; അച്ചടിത്തുകയിലെ കുടിശിക അനുവദിച്ചു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസായി ലൈസന്‍സിനായി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസം. ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശിക നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നല്‍കാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍:

ഇടുക്കി, രാജകുമാരി, മുരിക്കാശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ എന്നീ പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെ 174 താല്‍ക്കാലിക തസ്തികകള്‍ക്കും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ യൂണിറ്റ് നമ്പര്‍ വണ്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ 29 താല്‍ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയത് സാധൂകരിച്ചു.

സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്‌കീം 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്ക്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യവസായ സംരംഭകത്വം വളര്‍ത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉല്‍പ്പന്നങ്ങളുടെ വ്യാവസായിക ഉല്‍പാദനം വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്‌കരിക്കും.

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.