ഇനി വേദനകളില്ലാത്ത ലോകത്തേക്ക്; ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ സംസ്‌കാരം മാര്‍ച്ച് ഒന്നിന്

ഇനി വേദനകളില്ലാത്ത ലോകത്തേക്ക്; ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ സംസ്‌കാരം മാര്‍ച്ച് ഒന്നിന്

മോസ്‌കോ: ജയിലില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ സംസ്‌കാരം മാര്‍ച്ച് ഒന്നിന് മോസ്‌കോയിലെ മേരിനോ ജില്ലയില്‍ നടത്തുമെന്ന് നവല്‍നിയുടെ വക്താവ് കിര യര്‍മിഷ് അറിയിച്ചു. നവല്‍നിയുടെ മരണം സ്ഥിരീകരിച്ച് ഒന്‍പത് ദിവസത്തിനുശേഷമാണ് മൃതദേഹം റഷ്യന്‍ പ്രസിഡന്റ് പുടിനും അനുയായികളും മാതാവിന് വിട്ടുനല്‍കുന്നത്. മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നവല്‍നിയുടെ മാതാവായ ല്യൂഡ്മില നവല്‍നയ റഷ്യന്‍ കോടതിയെ സമീപിച്ചിരുന്നു.

രണ്ട് ദിവസമായി നവല്‍നിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായി പല സ്ഥലങ്ങളും തിരയുകയാണെന്നും എന്നാല്‍ മിക്കവരും 'നവല്‍നി' എന്ന പേര് കേള്‍ക്കുമ്പോള്‍തന്നെ ആവശ്യം നിരസിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കിര യര്‍മിഷ് എക്സില്‍ കുറിച്ചിരുന്നു. തങ്ങള്‍ മിക്ക സ്വകാര്യ, പൊതു ഫ്യൂണറല്‍ ഏജന്‍സികളെയും സമീപിച്ചെങ്കിലും അവര്‍ നിരസിച്ചു.
ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നതായി ഒരു ഏജന്‍സിയില്‍ നിന്ന് അറിയിച്ചു'.

നവല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കത്തിലായിരുന്നു റഷ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി സംസ്‌കാരം രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി നവല്‍നിയുടെ അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വിട്ടുനല്‍കാതെയുള്ള റഷ്യന്‍ അധികാരികളുടെ സമീപനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മൃതശരീരത്തെ പോലും പുടിന്‍ പരിഹസിക്കുകയാണെന്നാണ് നവല്‍നിയുടെ പങ്കാളി യൂലിയ നവല്‍നയ പ്രതികരിച്ചത്. ഒടുവില്‍ മൃതദേഹം വിട്ടുകിട്ടിയ സാഹചര്യത്തിലും സാധാരണ രീതിയിലുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അധികാരികള്‍ അനുവദിക്കുമോയെന്ന് അറിയില്ലെന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.

നവല്‍നിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ല്യൂഡ്മിലയെ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ പ്രധാന കവാടത്തില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്നാണ് അധികാരികള്‍ അറിയിച്ചത്.

മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നവല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അമ്മയ്ക്ക് മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി റഷ്യന്‍ സാംസ്‌കാരിക പ്രമുഖരും പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് ഫെബ്രുവരി 24നാണ് നവല്‍നിയുടെ മൃതദേഹം അധികാരികള്‍ കുടുംബത്തിന് വിട്ടുനല്‍കിയത്.

ഫെബ്രുവരി 16നാണ് പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന അലക്സി നവല്‍നി ജയിലില്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാഡിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവല്‍നി പതിവു നടത്തം കഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നു എന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.