'ചികിത്സയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്ക് നിശ്ചയിക്കണം'; സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഇടപെടല്‍

 'ചികിത്സയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്ക് നിശ്ചയിക്കണം'; സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഇടപെടല്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേന്ദ്ര സര്‍ക്കാര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് നിരക്ക് നിശ്ചയിക്കണമന്നാണ് കോടതി നിര്‍ദേശം. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടായിരുന്നു കോടതി പരാമര്‍ശം.

പരിഹാരം കണ്ടില്ലെങ്കില്‍ സെന്‍ട്രല്‍ ഗവ. ഹെല്‍ത്ത് സ്‌കീമില്‍ (സി.ജി.എച്ച്.എസ്) നിഷ്‌ക്കര്‍ഷിക്കുന്ന ചികിത്സാ നിരക്ക് ഏര്‍പ്പെടുത്താന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരു മാസത്തിനകം വിജ്ഞാപനം ഇറക്കണം. ചികിത്സാ നിരക്ക് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. പൗരന്റെ ഭരണഘടനാ അവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി നിലപാടെടുത്തു.

ഏപ്രില്‍ ആറിന് വിഷയം വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിലെ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടി വെറ്ററന്‍സ് ഫോറം ഫോര്‍ ട്രാന്‍സ്‌പെരന്‍സി ഇന്‍ പബ്ലിക് ലൈഫ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2012 ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് റൂള്‍സ് പ്രകാരം ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയകള്‍ക്ക് അതിന്റെ സങ്കീര്‍ണതകള്‍ അടക്കം പരിഗണിച്ച് നിരക്ക് ഈടാക്കാം.

സ്റ്റാന്‍ഡേര്‍ഡ് നിരക്ക് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് ചികിത്സാ ഫീസ് നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.