ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന സാത്താനിക ശില്‍പ്പം സ്ഥാപിച്ചതിനെതിരേ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ച് പ്രോ-ലൈഫ് അനുകൂലികള്‍

ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന സാത്താനിക ശില്‍പ്പം സ്ഥാപിച്ചതിനെതിരേ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ച് പ്രോ-ലൈഫ് അനുകൂലികള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പൈശാചിക പ്രതിമയ്‌ക്കെതിരേ പ്രതിഷേധവുമായി ടെക്സാസിലെ പ്രോ-ലൈഫ് അനുകൂലികള്‍. ഭ്രൂണഹത്യയെ പ്രതീകാത്മകമായി പിന്തുണയ്ക്കുന്ന, പതിനെട്ടടി ഉയരമുള്ള സ്വര്‍ണ പ്രതിമയ്‌ക്കെതിരേയാണ് ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നത്. പ്രതിമ പങ്കുവയ്ക്കുന്ന ആശയത്തിനെതിരേ കഴിഞ്ഞ ദിവസം ടെക്‌സാസ് റൈറ്റ് ടു ലൈഫ് എന്ന സംഘടന പ്രാര്‍ത്ഥനാ റാലി
സംഘടിപ്പിച്ചിരുന്നു.

'വിറ്റ്‌നസ്' എന്ന് പേരിട്ടിരിക്കുന്ന പ്രതിമ നിര്‍മിച്ചത് പാക്കിസ്ഥാന്‍ വംശജയായ ഷാസിയ സിക്കന്ദറാണ്. ആടിന്റെ കൊമ്പുകളുള്ള, സ്ത്രീ പ്രതിമ ഭ്രൂണഹത്യയ്ക്കു പിന്തുണ നല്‍കുന്നതിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമാണെന്നാണ് ഷാസിയയുടെ വാദം.

കഴിഞ്ഞ വര്‍ഷം ജനുവരി 17 മുതല്‍ ജൂണ്‍ 4 വരെ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച പ്രതിമയാണ് ഈ വര്‍ഷം ഫെബ്രുവരി 28 മുതല്‍ ഒക്ടോബര്‍ 31 വരെ ടെക്‌സാസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മതം വിലക്കണം എന്ന് വാദിക്കുന്ന സാത്താനിക് ടെമ്പിള്‍ ഉപയോഗിക്കുന്ന ബാഫോമിറ്റ് എന്ന പ്രതിമയും ഷാസിയയുടെ കൊമ്പുകളുള്ള പ്രതിമയും തമ്മില്‍ വലിയ സമാനതകള്‍ ഉണ്ട്. ഭ്രൂണഹത്യയ്ക്ക് വേണ്ടി വലിയ വാദം ഉയര്‍ത്തുന്ന സംഘടന കൂടിയാണ് സാത്താനിക് ടെമ്പിള്‍.

അമേരിക്കയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് റദ്ദാക്കിയത് ഭ്രൂണഹത്യ വാദികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. സംസ്ഥാനങ്ങളിലും ഭ്രൂണഹത്യ നിരോധിച്ചു കൊണ്ടുള്ള നിയമങ്ങള്‍ പാസാക്കിയതോടെയാണ് ഇത്തരം വിചിത്രമായ പ്രതിഷേധങ്ങളുമായി ഭ്രൂണഹത്യ അനൂകൂലികള്‍ രംഗത്തുവന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ വികൃതമാക്കിയതും ഇത്തരം സാത്താനിക ബിംബങ്ങള്‍ക്കു പ്രചാരം നല്‍കിയുമാണ് ഗര്‍ഭഛിദ്രാനുകൂലികള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

'ഒരു പൊതു സ്ഥാപനത്തില്‍ ഇത്തരം വികലമായ ചിന്താഗതികള്‍ പങ്കുവയ്ക്കുന്ന പ്രതിമകള്‍ സ്ഥാപിക്കുന്നത് നിരാശാജനകമാണെന്ന് ടെക്‌സാസ് റൈറ്റ് ടു ലൈഫ് പ്രസിഡന്റ് ജോണ്‍ സീഗോ മാധ്യമങ്ങളോടു പറഞ്ഞു. ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ക്കായി വാദിക്കുമ്പോള്‍ തന്നെ ദൈവത്തിനെതിരേയുള്ള അനുസരണക്കേട് ആഘോഷിക്കാനും കൂടി ഉദ്ദേശിച്ചുള്ളതാണ് ശില്‍പമെന്ന് ജോണ്‍ സീഗോ പറഞ്ഞു.

പ്രതിമ സ്ഥാപിക്കുന്നതിനെതിരേ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍വകലാശാല ജീവനക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതായി ഉണ്ടായതായി സീഗോ പറഞ്ഞു. പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം റദ്ദാക്കുമെന്ന് സര്‍വകലാശാല ആദ്യം അറിയിച്ചെങ്കിലും പിന്നീട് അത് കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു.

'ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഗര്‍ഭച്ഛിദ്ര വ്യവസായം ലക്ഷ്യമിടുന്നത്. അതിനാല്‍ ഇത്തരം പ്രതിമകള്‍ പോലുള്ള വികലമായ ആശയങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.