ഹെയ്തിയില്‍ കലാപം രൂക്ഷം; അക്രമികള്‍ ജയിലില്‍ ഇരച്ചുകയറി 4000 തടവുപുള്ളികളെ രക്ഷപ്പെടുത്തി

ഹെയ്തിയില്‍ കലാപം രൂക്ഷം; അക്രമികള്‍ ജയിലില്‍ ഇരച്ചുകയറി 4000 തടവുപുള്ളികളെ രക്ഷപ്പെടുത്തി

പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയില്‍ കലാപം രൂക്ഷമായി. തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ നഗരത്തിലെ പ്രധാന ജയിലില്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് 4,000-ത്തിലധികം തടവുകാര്‍ രക്ഷപ്പെട്ടു. ഇതേതുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് സൈന്യം നിര്‍ദേശം നല്‍കി.

ഹെയ്തി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റിയുടെ രാജിക്കായി രാജ്യത്ത് വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിനു പോയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ വിമതര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പോര്‍ട്ട് ഓ പ്രിന്‍സിന്റെ എണ്‍പതു ശതമാനം നിയന്ത്രണം അക്രമി സംഘങ്ങളുടെ കൈയിലാണ്. ഇതേ തുടര്‍ന്നാണ് രാജ്യത്ത് ആഭ്യന്തര പ്രതിസന്ധി രൂക്ഷമായത്.

അക്രമികള്‍ കടകമ്പോളങ്ങള്‍ കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു.

ഹെയ്തിയന്‍ പ്രധാനമന്ത്രി ഏരിയല്‍ ഹെന്റിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ബാര്‍ബിക്യൂ എന്നറിയപ്പെടുന്ന ഹെയ്തിയന്‍ ഗുണ്ടാ നേതാവ് ജിമ്മി ചെറിസിയര്‍ വെള്ളിയാഴ്ച പറഞ്ഞു. രക്ഷപ്പെട്ട തടവുകാരില്‍ പലരും വിമതര്‍ക്കൊപ്പം ചേര്‍ന്ന് പലവിധ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.

2021-ല്‍ ജൂലൈയില്‍ അന്നത്തെ പ്രസിഡന്റ് ജോവനല്‍ മൊയ്സ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമുയരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച മുതല്‍ നഗരത്തിലുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഗുണ്ടാസംഘങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചില സ്റ്റേഷനുകള്‍ കത്തിക്കുകയും ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപം വെടിവയ്പ്പ് ഉണ്ടായതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.