പാസ്വാന്റെ പാര്‍ട്ടിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ട് സീറ്റ് വാഗ്ദാനം

പാസ്വാന്റെ പാര്‍ട്ടിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ട് സീറ്റ് വാഗ്ദാനം

ന്യൂഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്‍കാന്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി ചര്‍ച്ച തുടരുകയാണ്.

ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടിക്ക് എട്ട് സീറ്റ് നല്‍കാമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ചിരാഗ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ദേശീയ അധ്യക്ഷനും എംപിയുമായ ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ അമ്മാവനും കേന്ദ്രമന്ത്രിയുമായ പശുപതി പരാസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎയില്‍ സീറ്റ് വിഭജനത്തില്‍ കാലതാമസം നേരിടുകയാണ്.

ലോക് ജനശക്തി പാര്‍ട്ടി പിളരാതിരുന്നപ്പോഴത്തെ 2019 ലെ ഫോര്‍മുല പ്രകാരം ആറ് സീറ്റുകള്‍ വേണമെന്നാണ് ചിരാഗ് പാസ്വാന്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം എല്‍ജെപിയുടെ ആറ് എംപിമാരില്‍ അഞ്ച് പേരും തനിക്കൊപ്പമാണെന്നും അതിനാല്‍ തന്റെ പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കണമെന്ന് പശുപതി പരാസും അവകാശപ്പെടുന്നു.

രാംവിലാസ് പാസ്വാന്‍ ദീര്‍ഘകാലം പ്രതിനിധീകരിച്ച ഹാജിപൂര്‍ സീറ്റിനെച്ചൊല്ലിയും ചിരാഗ് പാസ്വാനും പശുപതി പരസും തമ്മില്‍ തര്‍ക്കം തുടരുകയാണ്. നിലവില്‍ ആ സീറ്റില്‍ വിജയിച്ചത് പശുപതി പരസാണ്. എന്നാല്‍ പിതാവിന്റെ സീറ്റ് തനിക്കു വേണമെന്നാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നത്.

ചിരാഗിന് വേണ്ടി മഹാസഖ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.