കൂടുതല്‍ ദൗത്യങ്ങളുമായി ചന്ദ്രയാന്‍ 4; വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായി

 കൂടുതല്‍ ദൗത്യങ്ങളുമായി ചന്ദ്രയാന്‍ 4;  വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായി

ബംഗളുരു: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 3 യുടെ വന്‍ വിജയത്തിന് പിന്നാലെ ചന്ദ്രയാന്‍ 4 പദ്ധതിക്കൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ എന്താവണം എന്നതില്‍ ഐഎസ്ആര്‍ഒ കൃത്യമായ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു.

ചന്ദ്രയാന്‍ 4 ദൗത്യം കേവലം ചന്ദ്രനില്‍ പേടകം ഇറക്കുക എന്നത് മാത്രമാകില്ല. മറിച്ച് ചന്ദ്രനില്‍ നിന്ന് ശേഖരിച്ച ശിലകളും മണ്ണും ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളത് കൂടിയാകും. നാഷണല്‍ സയന്‍സ് സിമ്പോസിയത്തില്‍ നടന്ന പരിപാടിയിലാണ് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചന്ദ്രയാന്‍ 4 ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുകയും ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമാക്കുകയുമായിരിക്കും. ഇതുവരെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമേ സാമ്പിളുകള്‍ തിരികെ എത്തിക്കാന്‍ സാധിച്ചിട്ടുള്ളൂ. അപ്പോളോ ദൗത്യത്തിലൂടെ അമേരിക്ക, ലൂണ ദൗത്യങ്ങളിലൂടെ സോവിയറ്റ് യൂണിയന്‍, ചാങ് ഇ ദൗത്യങ്ങളിലൂടെ ചൈന എന്നിവരാണ് ആ നേട്ടം കൈവരിച്ചവര്‍.

ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുക, ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുക, ചന്ദ്രോപരിതലത്തില്‍ നിന്ന് പറന്നുയരുക, ട്രാന്‍സ്ഫര്‍ മോഡ്യൂളില്‍ നിന്ന് അണ്‍ ഡോക്കിങ്, ഡോക്കിങ് എന്നിവ ചെയ്യുക, ഒരു മോഡ്യൂളില്‍ നിന്ന് മറ്റൊരു മോഡ്യൂളിലേക്ക് സാമ്പിളുകള്‍ കൈമാറ്റം ചെയ്യുക, സാമ്പിളുമായി ഭൂമിയിലേക്ക് തിരിച്ചു വരിക, എന്നിവയാണ് ചന്ദ്രയാന്‍ 4 ന്റെ പ്രധാന ജോലികള്‍.

ശാസ്ത്രീയമായും എഞ്ചിനീയറിങ് തലത്തിലും അതി സങ്കീര്‍ണമായിരിക്കും ചന്ദ്രയാന്‍ 4 ദൗത്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായിട്ടാവും ദൗത്യമെന്ന് ഐഎസ്ആര്‍ഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എല്‍വിഎം3, പിഎസ്എല്‍വി എന്നീ റോക്കറ്റുകളിലായി രണ്ട് വിക്ഷേപണങ്ങള്‍ നടത്തും. ചന്ദ്രയാന്‍ 4 പേടകത്തിന് അഞ്ച് മോഡ്യൂളുകളുണ്ടാവും. ഓരോന്നിനും വ്യത്യസ്ത ചുമതലയായിരിക്കും. ഇവയെല്ലാം ഒന്നിച്ചായിരിക്കില്ല വിക്ഷേപിക്കുക.

എല്‍വിഎം 3 റോക്കറ്റില്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ഡിസന്റര്‍ മോഡ്യൂള്‍, അസന്റര്‍ മോഡ്യൂള്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ വിക്ഷേപിക്കും. ട്രാന്‍സ്ഫര്‍ മോഡ്യൂളും റീ എന്‍ട്രി മോഡ്യൂളും പിഎസ്എല്‍വി റോക്കറ്റിലും വിക്ഷേപിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.