വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഇരിങ്ങാലക്കുട രൂപത ആറ് സാന്ത്വന ഭവനങ്ങള്‍ കൈമാറി

വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഇരിങ്ങാലക്കുട രൂപത ആറ് സാന്ത്വന ഭവനങ്ങള്‍ കൈമാറി

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപെട്ടവര്‍ക്കായി ഇരിങ്ങാലക്കുട രൂപതയുടെ സഹായത്താൽ സിഒഡി താമരശേരി നിർമിച്ചു നൽകുന്ന 10 സാന്ത്വന ഭവനങ്ങളിൽ ആറ് എണ്ണത്തിന്റെ താക്കോല്‍ദാനം പൂർത്തിയായി.

ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീര്‍വദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

ഭവന നിര്‍മാണത്തിനായി രൂപത സമാഹരിച്ചത് 1.25 കോടി രൂപയാണ്. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്താണ് ഈ തുക കണ്ടെത്തിയത്.

കെസിബിസി നിർമിക്കുന്ന 140 ഭവനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട രൂപതാ സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഈ 10 ഭവനങ്ങള്‍ നിർമ്മിച്ചു നൽകുന്നത്.

കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, താമരശേരി വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, ഇരിങ്ങാലക്കുട വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര തുടങ്ങിയവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട രൂപതാ സോഷ്യല്‍ ഫോറം ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സാബു പയ്യപ്പിള്ളി എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.