ജോലി തേടിപ്പോയ യുവാക്കള്‍ എത്തിയത് യുദ്ധമുഖത്ത്: ഏഴിടത്ത് സിബിഐ റെയ്ഡ്; പിന്നില്‍ മനുഷ്യക്കടത്ത് സംഘമെന്ന് സംശയം

ജോലി തേടിപ്പോയ യുവാക്കള്‍ എത്തിയത് യുദ്ധമുഖത്ത്: ഏഴിടത്ത് സിബിഐ റെയ്ഡ്; പിന്നില്‍ മനുഷ്യക്കടത്ത് സംഘമെന്ന് സംശയം

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് എത്തിച്ചതായി കണ്ടെത്തല്‍. സിബിഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജന്‍സി നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ഡല്‍ഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-ഉക്രെയ്ന്‍ യുദ്ധ മേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്ക്കുകയോ ചെയ്തുവെന്ന ആരോപണത്തില്‍ വിവിധ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ സിബിഐ കേസെടുത്തു. ഇതുവരെ യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് തെളിയിക്കുന്ന രേഖകളും ലാപ്ടോപ്പുകള്‍, മൊബൈലുകള്‍, ഡെസ്‌ക്ടോപ്പുകള്‍ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും 50 ലക്ഷം രൂപയും അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി സിബിഐ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജോലി തട്ടിപ്പിന് ഇരയായി റഷ്യന്‍ സൈന്യത്തിനൊപ്പം ചേരാന്‍ നിര്‍ബന്ധിതനായ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഉക്രെയിനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലാണ് 30 കാരനായ മുഹമ്മദ് അസ്ഫാന്‍ കൊല്ലപ്പെട്ടത്. നേരത്തെ യുവാവിനെ റഷ്യയില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയോട് കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എഐഎംഐഎം മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് അസ്ഫാന്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

അസ്ഫാന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ അധികാരികള്‍ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചിരുന്നു.  ഉക്രെയിനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച 23 കാരനായ ഗുജറാത്ത് സ്വദേശി മരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്. സൂറത്തില്‍ നിന്നുള്ള ഹാമില്‍ മംഗുകിയയാണ് ആദ്യം റഷ്യയിലെ യുദ്ധമുഖത്ത് കൊല്ലപ്പെട്ടത്. ഓണ്‍ലൈന്‍ പരസ്യത്തിലൂടെ റഷ്യയില്‍ ജോലിക്ക് അപേക്ഷിച്ച ശേഷം ചെന്നൈയില്‍ നിന്ന് മോസ്‌കോയിലെത്തുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് റഷ്യന്‍ സൈന്യത്തില്‍ സഹായിയായി റിക്രൂട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 21 ന് റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ ഉക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മംഗുകിയ കൊല്ലപ്പെട്ടത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ ഉക്രെയ്ന്‍ സൈനികരുമായി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ള മറ്റ് രാജ്യക്കാര്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിരവധി ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാ സഹായികളായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി. റഷ്യന്‍ സൈന്യത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.