ട്രാക്ടര്‍ റാലിക്ക് മൂന്ന് പാതകള്‍; മൂവായിരത്തിലധികം വൊളന്റീയര്‍മാര്‍

ട്രാക്ടര്‍ റാലിക്ക് മൂന്ന് പാതകള്‍;  മൂവായിരത്തിലധികം വൊളന്റീയര്‍മാര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് മൂന്ന് പാതകള്‍ അനുവദിച്ചു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് മൂന്ന് പാതകളില്‍ കൂടി 'കിസാന്‍ പരേഡ്' നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ 10 ന് ട്രാക്ടര്‍ റാലി ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കനത്ത പൊലിസ് സന്നാഹം റാലി നടക്കുന്ന മൂന്ന് പാതകളിലും നിലയുറപ്പിക്കും. കൂടാതെ ട്രാക്ടര്‍ റാലി നടക്കുമ്പോള്‍ ഡ്യൂട്ടിക്കായി മൂവായിരത്തിലധികം വൊളന്റീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവിനടുത്തായി 63 കിലോമീറ്റര്‍ അകലെ ആയിട്ടാണ് റാലിക്ക് തുടക്കം. എസ്ജിടി നഗറ, ഡിറ്റിയു ഷബാദ്, ബര്‍വാല, ഔചാന്ദി ബോര്‍ഡര്‍ എന്നിവിടങ്ങളിലുടെ കടന്നു പോകുന്ന റാലി കര്‍ക്കോണ്ട ടോള്‍ പ്ലാസയില്‍ അവസാനിക്കും.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിക്രി അതിര്‍ത്തിയില്‍ നിന്നുള്ള 62.5 കിലോമീറ്റര്‍ മറ്റൊരു റൂട്ടില്‍ നജാഫ്ഗാര്‍ഹ്, നങ്ലോയ് യില്‍ കൂടെ കടന്ന് അസോദ ടോള്‍ പ്ലാസയില്‍ അവസാനിക്കും. ഗാസിപൂര്‍ അതിര്‍ത്തിക്ക് സമീപം 68 കിലോമീറ്റര്‍ പാതയും ട്രാക്ടര്‍ റാലിക്കായി ഒരുക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡിനേയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു. ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ നേരത്തെ തീരുമാനിച്ച പാത മാറ്റുന്നതു സംബന്ധിച്ച് ഉന്നത പേലീസ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു.

റാലിക്കായി മൂന്ന് സമാന്തര പാതകളും പോലീസ് നിര്‍ദേശിച്ചിരുന്നു. റാലി അനുവദിക്കില്ലെന്ന് ആദ്യം നിലപാട് സ്വീകരിച്ച ഡല്‍ഹി പോലീസ് പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. റാലിയില്‍ ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ അണി നിരക്കുമെന്ന് കര്‍ഷക സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.