പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 65 കോടി പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടി; കോണ്‍ഗ്രസിന്റെ പരാതി തള്ളി അപ്പലേറ്റ് ട്രിബ്യൂണല്‍

പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 65 കോടി പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടി; കോണ്‍ഗ്രസിന്റെ പരാതി തള്ളി അപ്പലേറ്റ് ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 65 കോടിയോളം രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിയ്ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി.

കോണ്‍ഗ്രസിന്റെ പരാതി സ്വീകരിക്കാന്‍ ട്രിബ്യൂണല്‍ തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്.

ആദായ നികുതി വകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16 നാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കുടിശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടായത്.

പാര്‍ട്ടിയുടെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 65 കോടി രൂപ പിടിച്ചെടുത്തെന്ന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കിയിരുന്നു. പണം പിടിച്ചെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക ഭീകരതയാണിതെന്നും കോണ്‍ഗ്രസ് നേരത്തേ വിമര്‍ശനമുയര്‍ത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.