കീവ്: റഷ്യ - ഉക്രെയ്ൻ യുദ്ധം രണ്ട് വർഷം പിന്നിട്ടിട്ടും കെട്ടടങ്ങിയിട്ടില്ല. നിലവിൽ ഉക്രെയ്‌നിന്റെ 20 ശതമാനം ഭാഗത്ത് റഷ്യ നിയന്ത്രണം നേടിയിരിക്കുകയാണ്. യുദ്ധം ഛിന്നഭിന്നമാക്കിയ തന്റെ രാജ്യത്തിനാവശ്യമായ സഹായങ്ങൾ നൽകണമെന്ന് യു.എസ് പ്രസിഡന്റിനോടും പാർലമെന്റ് അംഗങ്ങളോടും അഭ്യർത്ഥിക്കുകയാണ് ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭതലവൻ. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്റ് ജോ ബൈഡൻ അഭിസംബോധന ചെയ്യാനിരിക്കെയാണ് കീവ് - ഗലീസിയ മേജർ ആർച്ചുബിഷപ്പ് സ്വിയാത്താസ്ലോവ് ഷെവ്ചുകിന്റെ സഹായ അഭ്യർത്ഥന.
“ദൈവത്തെയും ഭൂമിയിലെ നല്ല മനസാക്ഷിയുള്ള എല്ലാവരോടും നിലവിളിച്ചപേക്ഷിക്കുന്ന ഉക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ശബ്ദം യു. എസ് പ്രസിഡന്റിനെ അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ’ ഉക്രയ്നെ കൈവിടരുതേ’ വാഷിംഗ്ടണിലെ തിരുക്കുടുംബ കത്തോലിക്കാ ദൈവാലയത്തിൽ വച്ച് സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ആർച്ചുബിഷപ്പ് ഷെവ്ചുക് പറഞ്ഞു.
ഉക്രെയ്നു കൂടുതൽ സഹായങ്ങൾ എത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ സഭാ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും സന്ദർശിക്കാനായി എത്തിയതാണ് ഉക്രേനിയൻ പാത്രിയർക്കീസ്. അമേരിക്കയോടുള്ള ഉക്രൈനിലെ ജനങ്ങളുടെ അകമഴിഞ്ഞ കൃതജ്ഞത അറിയിച്ച പാത്രിയർക്കീസ് ഉക്രെയ്ന് തുടർ സഹായങ്ങൾ ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നീണ്ടുപോകുന്നതിലുള്ള രാജ്യത്തിന്റെ ആശങ്കയും അറിയിച്ചു.
ഉക്രയ്നിൽ ഇപ്പോൾ 14.6 മില്യൺ ജനങ്ങൾ യുദ്ധം മൂലം കെടുതികൾ അനുഭവിക്കുകയും മാനുഷീകമായ സഹായം ആവശ്യമായിരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയെ ഒരു രാഷ്ട്രീയപ്രശ്നമായി മാത്രം കാണാതെ അവിടുത്തെ സഹിക്കുന്ന സാധാരണക്കാരായ മനുഷ്യരെ ഓർത്തു സഹായങ്ങൾ ചെയ്യണം എന്നും ബിഷപ്പ് ഷെവ്ചുക് അഭ്യർത്ഥിച്ചു. ഉക്രെയ്നിലെ ജനതയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ നേതൃത്വം നൽകുന്ന ഉക്രയ്ൻ കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് സഹായങ്ങൾ ഒരുതരത്തിലും വൈകിപ്പിക്കരുതെന്നും ഒരോ ദിവസവും ഇരുനൂറിലധികം ആളുകൾ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
റഷ്യൻ സൈന്യം 2022 ഫെബ്രുവരി 24നാണ് ഉക്രെയ്‌നെ ആക്രമിക്കുന്നത്. യുദ്ധം ആരംഭിച്ച ഉടൻ സൈനിക ശക്തിയിൽ റഷ്യയുടെ നാലിലൊന്നുപോലും ഇല്ലാത്ത ഉക്രെയ്ൻ അടിയറവു പറയും എന്ന റഷ്യൻ ഭരണകൂടത്തിന്റെ അമിത ആത്മവിശ്വാസത്തെതാണ് ഈ ചെറുരാജ്യം ആദ്യം തോൽപിച്ചത്. വീണും എഴുന്നേറ്റും പിൻവാങ്ങിയും മുന്നേറിയുമൊക്കെ ഉക്രെയ്ൻ സൈന്യവും അവിടുത്തെ ജനങ്ങളും പൊരുതിക്കൊണ്ടിക്കൊണ്ടിരുന്നപ്പോൾ യുദ്ധവും അനിശ്ചിതമായി നീണ്ടു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ കൂടിയായപ്പോൾ റഷ്യൻ പ്രസിഡന്റ് പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.