മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്‍മക്കളെ തലക്കടിച്ച് കൊന്ന മാതാപിതാക്കള്‍ അറസ്റ്റിൽ

മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്‍മക്കളെ തലക്കടിച്ച് കൊന്ന മാതാപിതാക്കള്‍ അറസ്റ്റിൽ

ഹൈദരാബാദ് : പെണ്‍മക്കളെ ക്രൂരമായി തലക്കടിച്ച് കൊന്ന് മാതാപിതാക്കള്‍. മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്ന് രണ്ടു പെൺകുട്ടികളെ തലയ്ക്കടിച്ചുകൊന്ന അധ്യാപക ദമ്പതിമാരായ മാതാപിതാക്കൾ അറസ്റ്റിൽ. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലാണ് സംഭവം. അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അന്ത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്. ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. കുടുംബം കടുത്ത അന്തവിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

'മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   അച്ഛനായ പുരുഷോത്തമൻ നായിഡു കോളജ് പ്രഫസറും അമ്മ പദ്മജ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. മൂത്ത മകൾ അലേഖ്യ ബിരുദാനന്തര ബിരുദധാരിയാണ്. ഇളയ മകൾ സായ് ദിവ്യ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു. മുംബൈയിലെ എ.ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ വിദ്യാർഥിയായ ദിവ്യ കോവിഡ് ലോക്ഡൗണിനെ തുടർന്നാണ് നാട്ടിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.