കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ല്; രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം

കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ല്;  രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ശാസ്ത്രജ്ഞര്‍ക്കും  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം

ന്യൂഡല്‍ഹി: കര്‍ഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും നമ്മെ സ്വയം പര്യാപ്തരാക്കിയ കര്‍ഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു.

പ്രകൃതിയുടെ പല പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികള്‍ക്കിടയിലും കോവിഡ് മഹാമാരിക്കാലത്തും നമ്മുടെ കര്‍ഷകരാണ് കാര്‍ഷിക ഉത്പാദനം നിലനിര്‍ത്തിയത്. ഈ രാജ്യവും സര്‍ക്കാരും മുഴുവന്‍ ജനങ്ങളും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറച്ചതില്‍ രാജ്യത്തെ കര്‍ഷകരും പട്ടാളക്കാരും ശാസ്ത്രജ്ഞരും വലിയ സംഭാവനയാണ് നല്‍കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് മരണ സംഖ്യ പിടിച്ചു നിര്‍ത്തിയതിലും അവര്‍ വലിയ സംഭാവനയാണ് നല്‍കിയതെന്നും രാഷ്ട്രപതി പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചു. ശാസ്ത്രജ്ഞര്‍ നമ്മുടെ ജീവിതം കൂടുതല്‍ ലളിതമാക്കി. കോവിഡിനെതിരായ പോരാട്ടത്തിന് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അവരുടേത് അസാധാരണമായ സംഭാവനയാണ്. ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂര്‍ണ സന്നദ്ധതയോടെയാണ് വാക്സിനേഷന്‍ യജ്ഞത്തിനായി പ്രവര്‍ത്തിക്കുന്നത്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്സിന്‍ എടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും രാഷ്ട്രപടി പറഞ്ഞു. സൈനികര്‍ നടത്തിയ ത്യാഗങ്ങളെയും രാഷ്ട്രപതി പരാമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം പ്രതികൂല സമയമായിരുന്നു, അത് പല മേഖലകളിലും നിഴലിച്ചു.

അതിര്‍ത്തിയില്‍ ഒരു കയ്യേറ്റ നീക്കത്തെ നമ്മള്‍ നേരിട്ടു. നമ്മുടെ ധീരരായ സൈനികര്‍ ആ ശ്രമം പരാജയപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അവരില്‍ 20 പേര്‍ക്ക് ജീവന്‍ കൈവെടിയേണ്ടിവന്നു. ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.