പശ്ചിമ ബംഗാളില്‍ 42 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍: മഹുവ മത്സരിക്കും; അധീര്‍ രഞ്ജനെ നേരിടാന്‍ യൂസഫ് പഠാന്‍

പശ്ചിമ ബംഗാളില്‍ 42 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍: മഹുവ മത്സരിക്കും; അധീര്‍ രഞ്ജനെ നേരിടാന്‍ യൂസഫ് പഠാന്‍

കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന മെഗാ പൊതുയോഗത്തിലാണ് 42 സീറ്റുകളിലേക്കുമുള്ള പട്ടിക പുറത്തു വിട്ടത്.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ പുറത്താക്കപ്പെട്ട മുന്‍ പാര്‍ലമന്റംഗം മഹുവ മൊയ്ത്ര കൃഷ്ണ നഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്നന്‍ സിന്‍ഹ, ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാന്‍, കിര്‍ത്തി ആസാദ് എന്നിവര്‍ക്കും തൃണമൂല്‍ സീറ്റ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബെര്‍ഹംപുരിലാണ് യൂസഫ് പഠാന്‍ മത്സരിക്കുന്നത്. ബര്‍ധമാന്‍ ദുര്‍ഗാപൂരില്‍ നിന്നാകും കിര്‍ത്തി ആസാദ് ജനവിധി തേടുക. ശത്രുഘ്നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍ സോളില്‍ തന്നെ മത്സരിക്കും.

ജല്‍പായ്ഗുരിയില്‍ നിര്‍മല്‍ ചന്ദ്ര റോയ്, ഡാര്‍ജിലിങില്‍ ഗോപാല്‍ ലാമ, ബരക്പുരില്‍ പാര്‍ഥ ഭൗമി, ഡുംഡുമില്‍ സൗഗത റോയ് ബസിര്‍ഹട്ടില്‍ ഹാജി നൂറുല്‍ ഇസ്ലാം എന്നിവര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. ജാദവ്പുരില്‍ സയോനി ഘോഷാണ് സ്ഥാനാര്‍ഥി. ശ്രീരാംപുരില്‍ കല്യാണ്‍ ബാനര്‍ജി ജനവിധി തേടും.

ബംഗാളിന് പുറമേ അസമിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ എസ്.പിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി.

തൃണമൂലുമായി പരസ്പര ബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് അത്തരം നീക്കുപോക്കുകള്‍ ഉണ്ടാവേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.