സായുധ മാഫിയാ സംഘങ്ങളുടെ കലാപം; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു

സായുധ മാഫിയാ സംഘങ്ങളുടെ കലാപം; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു

ജമൈക്ക: സായുധ മാഫിയാ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കലാപം തുടരുന്നതിനിടെ ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻ‍റി (74) രാജിവെച്ചു. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘കാരികോമി’ന്റെ നേതൃത്വത്തിൽ ജമൈക്കയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഹെയ്തി ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാതിരിക്കൻ ഹെൻ‍റിയുടെ രാജിക്കായി നേതാക്കൾ സമ്മർദം ചെലുത്തി. പിന്നാലെ, പ്യൂർട്ടൊറീക്കോയിലുള്ള ഹെൻ‍റി തന്റെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

പ്രസിഡൻഷ്യൽ കൗൺസിൽ രൂപവൽകരിക്കുകയും ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതുവരെ ഹെൻ‍റി പ്രധാനമന്ത്രി സ്ഥാനത്ത്‌ തുടരുമെന്ന് കാരികോം ചെയർമാനും ഗയാനയുടെ പ്രസിഡന്റുമായ മുഹമ്മദ് ഇർഫാൻ അലി പറഞ്ഞു. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കാനഡ, ഫ്രാൻസ് നയതന്ത്ര പ്രതിനിധികളും ചർച്ചയ്ക്കെത്തി.

ഒമ്പത്‌ ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ ‘ജി-9’ ആണ് ഫെബ്രുവരി അവസാനം മുതൽ പ്രധാന മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയിൽ കലാപം നടത്തുന്നത്. രാജിവെച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാർബിക്യു ചെറിസിയർ ഭീഷണി മുഴക്കിയിരുന്നു.

ഗുണ്ടാ സംഘങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഹെയ്തിയിൽ സമാധാനം പുനസ്ഥാപിക്കാനും പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള സഹായം തേടി പ്രധാനമന്ത്രി ഹെൻ‍റി, കെനിയ സന്ദർശിക്കുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് പ്യൂർട്ടൊറീക്കോയിലെത്തിയ അദ്ദേഹം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങാനാകാതെ അവിടെ കുടുങ്ങിക്കിടക്കുകയാണ്. കലാപത്തിന്റെ മറവിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി. 3.62 ലക്ഷംപേർക്ക് വീട് വിട്ടുപോകേണ്ടിവന്നു.

2021 ജൂലൈയിൽ അന്നത്തെ പ്രസിഡന്റ് ജോവനൽ മൊയ്സ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമുയരുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

കൊലപാതകം രാഷ്ട്രീയ അസ്ഥിരത ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ രാജ്യം കൂടിയാണ് ഹെയ്തി. 2020 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനംസഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. നിയമവാഴ്ചയില്ലാത്തതാണ് രാജ്യത്തെ സായുധ സംഘങ്ങൾ അധിനിവേശം നടത്താനുള്ള പ്രധാന കാരണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.