ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ നാല് സന്യസ്തരെയും ഒരു അധ്യാപകനെയും മോചിപ്പിച്ചു

ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ നാല് സന്യസ്തരെയും ഒരു അധ്യാപകനെയും മോചിപ്പിച്ചു

പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാല് സേക്രഡ് ഹാർട്ട് സന്യസ്തരെയും അധ്യാപകനെയും വിട്ടയച്ചു. ഇവർക്കൊപ്പം തട്ടികൊണ്ട് പോയ രണ്ട് പേർ ഇപ്പോഴും സായുധ സംഘത്തിന്റെ തടവിൽ തുടരുകയാണ്. സന്യാസ സ്ഥാപനമായ സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ആണ് അഞ്ച് പേരെ മോചിപ്പിച്ച വിവരം പുറത്തുവിട്ടത്.

ഞങ്ങളുടെ പ്രാർഥനയും മോചനത്തിനായുള്ള അഭ്യർത്ഥനയും ഇനിയും അവസാനിച്ചിട്ടില്ല, കാരണം സഹോദരങ്ങളായ പിയറി ഐസക് വാൽമ്യൂസും ആദം മോണ്ട്ക്ലൈസൺ മാരിയസും ഇപ്പോഴും തടവിലാണെന്ന് കോൺഗ്രിഗേഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഫെബ്രുവരി 23 ന് ഇവർ ജോലി ചെയ്യുന്ന പോർട്ട് - ഓ - പ്രിൻസ് ഡൗണ്ടൗണിലെ സ്‌കൂളിലേക്കുള്ള യാത്രാ മധ്യേ ആണ് സായുധ സംഘം തട്ടികൊണ്ട് പോയത്. ഇവരുടെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെട്ടതായും പിന്നീട് കോൺഗ്രിഗേഷൻ അറിയിച്ചിരുന്നു.

രാജ്യത്തിന്റെ വലിയ ഭാഗങ്ങളും തലസ്ഥാനത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ പ്രധാന ബിസിനസ്സായി മാറിയിരിക്കുകയാണ് തട്ടികൊണ്ട് പോകലുകൾ. സന്യസ്തരെയും വൈദികരെയും ലക്ഷ്യം വച്ചുള്ള തട്ടികൊണ്ട് പോകലുകൾക്കു പിന്നിൽ മോചനദ്രവ്യത്തിനായുള്ള ശ്രമങ്ങളാണെന്നു അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങളും അനുദിനം ഹെയ്തിയിൽ വർധിച്ചു വരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 18 ന് പോർട്ട് ഓ പ്രിൻസിലുണ്ടായ സ്‌ഫോടനത്തിൽ അൻസെ - ഇ- വൗ മിറാഗോണിലെ മെത്രാൻ പിയറി ആന്ദ്രേ ഡുമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. ബിഷപ്പ് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ആശുപത്രിയിൽ ചികിത്സ നടത്തിവരുകയാണ് ഇപ്പോൾ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനകളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. ഗുണ്ടാസംഘങ്ങളുടെ അക്രമം രൂക്ഷമായ ഹെയ്‌തിയിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.