ന്യൂഡല്‍ഹി: എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിലും ഒരു ദിവസം മുന്‍പേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍. 15 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിവരങ്ങള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.
എന്നാല്‍ ഓരോ പാര്‍ട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന പ്രധാനപ്പെട്ട വിവരം ലഭ്യമല്ല. ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്.
വിവരങ്ങള്‍ നല്‍കുന്നതില്‍ എസ്ബിഐ കാണിച്ച മെല്ലെപ്പോക്ക് നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. ജൂണ്‍ 30 വരെ സമയം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കയ്യിലുള്ള വിവരങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
2019 ഏപ്രില്‍ 19 മുതല്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുന്‍പ് തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറാനായിരുന്നു കടപ്പത്രങ്ങള്‍ റദ്ദാക്കിക്കൊണ്ട് ഫെബ്രുവരി 15 ന് സുപ്രീം കോടതി ഉത്തരവിട്ടത്.
പിന്നീട് സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കഴിഞ്ഞ 26 ദിവസമായി എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്ബിഐയോടു ചോദിച്ചിരുന്നു.
വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വിവരങ്ങള്‍ പുറത്ത് വരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടയാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.