ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്

ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം അറിയിച്ചത്.

തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ഇന്ന് ചുമതലയേറ്റിരുന്നു. പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് തിയതികള്‍ അറിയിക്കാനായി നാളെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടു കൂടിയാണ് ഈ ആഴ്ച സര്‍വെ പൂര്‍ത്തിയായത്.

ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികളും നാളെ പ്രഖ്യാപിക്കും. ജമ്മു കശ്മീരിലെ വോട്ടെടുപ്പും ആലോചനയിലുണ്ടെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് തിയതികള്‍ പുറത്തു വരുന്നതിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് തുടരുകയാണ്. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

2019 തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടിയായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 303 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോണ്‍ഗ്രസിന് 52 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു വിജയിക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.