പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്. പെർത്ത് സെൻറ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ.
ഇടവകാംഗങ്ങളെ "എന്റെ കൂടെപ്പിറപ്പുകളെ" എന്ന് അഭിസംബോധന ചെയ്ത പിതാവ് ഇടവക കൂട്ടായ്മയുടെ സ്നേഹം നമുക്ക് മറ്റൊരിടത്ത് ലഭിക്കുകയില്ലെന്നും ഇടവക തിരുനാൾ കൂട്ടായ്മയുടെ ആഘോഷമാണെന്നും വ്യക്തമാക്കി. സിഎംഐ സഭയുടെ സ്ഥാപകനും സീറോ മലബാർ സഭയുടെ ആദ്യ വികാരി ജനറാളുമായിരുന്ന വിശുദ്ധ ചാവറ പിതാവ് സഭ മക്കൾക്കും തന്റെ സന്യാസ സഭയിലെ അംഗങ്ങൾക്കുമായി എഴുതുമ്പോൾ അഭിസംബോധന ചെയ്തിരുന്നത് "എന്റെ കൂടെപ്പിറപ്പുകളെ" എന്നാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.
"ഓരോ തിരുനാളുകളും ഇടവക സമൂഹം ബോധപൂർവ്വം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്. കഴിഞ്ഞ ഒരു വർഷം വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥതയിൽ ദൈവം നമുക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ ഓർത്തെടുത്ത് തിരുനാളിൽ നന്ദി പറയണം. ദൈവീക പദ്ധതിയുടെ ഭാഗമായാണ് നമ്മൾ ഈ ദേശത്ത് ആയിരിക്കുന്നതും ഒരു ഇടവക സമൂഹമായി ഒന്ന് ചേർന്നിരിക്കുന്നതും. ദൈവത്തിന്റെ ദാനമല്ലാതെ നമ്മുടെ കഴിവോ മികവോ കൊണ്ടോ നേടിയതല്ല നമുക്കുള്ളതൊന്നും "
"കർത്താവിന് നന്ദി പറയുവിൻ അവൻ നല്ലവനാണ് അവന്റെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു". 107ാം സങ്കീർത്തന ഭാഗവും മാർ ജോൺ പനന്തോട്ടത്തിൽ ഉദ്ധരിച്ചു. "ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾപ്പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ..." എന്ന ഈരടികൾ എപ്പോഴും നമ്മുടെ അധരങ്ങളിൽ ഉണ്ടാകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.