ഓസ്ട്രേലിയയില്‍ വിപണന സാധ്യതകള്‍ തേടി ഇറച്ചി വ്യാപാരികള്‍
സിഡ്നി: കോഴി, പന്നി, കന്നുകാലികള്‍ എന്നിവയേക്കാള്‍ മികച്ച ഇറച്ചി ഫാമുകളില്‍ വളര്‍ത്തുന്ന പെരുമ്പാമ്പിന്റേതാണെന്നു ഗവേഷകര്‍. ഓസ്ട്രേലിയയിലെ മക്വാരി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പൈത്തണ്‍ ഫാമുകളില്‍ നടത്തിയ ഗവേഷണത്തിലാണ് പെരുമ്പാമ്പ് ഇറച്ചിയുടെ മേന്മ കണ്ടെത്തിയത്. പരിസ്ഥിതി സൗഹൃദമായ പോഷക സ്രോതസാണ് പെരുമ്പാമ്പിന്റെ മാംസം എന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഓസ്ട്രേലിയയില്‍ പെരുമ്പാമ്പിന്റെ മാംസം വില്‍ക്കുകയോ കഴിക്കുകയോ ചെയ്യുന്നില്ല, എന്നാല്‍ വിപണി സാധ്യതയുണ്ടെന്നു കണ്ടെത്തിയാല്‍ താന്‍ അതിനായി മുന്നിട്ടിറങ്ങുമെന്ന് സൗത്ത് ഓസ്ട്രേലിയയിലെ ഒരു ഇറച്ചി വ്യാപാരി പറയുന്നു. പാമ്പിന്റെ മാംസം ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ വരുന്നുണ്ടെന്നും വ്യാപാരി വെളിപ്പെടുത്തി. ഭാവിയില്‍ തീന്‍മേശകളില്‍ പെരുമ്പാമ്പിന്റെ മാംസം വിളമ്പാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കോഴി, കന്നുകാലി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെരുമ്പാമ്പുകള്‍ അതിവേഗം വളരും. കഴിക്കുന്ന ഭക്ഷണത്തെ കൂടുതല്‍ ഇറച്ചിയാക്കി മാറ്റാന്‍ അവയ്ക്കു കഴിയും. ഭക്ഷണത്തിന്റെയും പ്രോട്ടീന്‍ പരിവര്‍ത്തന അനുപാതത്തിന്റെയും കാര്യത്തില്‍ പെരുമ്പാമ്പ് ഇറച്ചി മറ്റ് ഇറച്ചികളേക്കാള്‍ മികച്ചതാണ്. - ഗവേഷകനായ ഡോ. നാതുഷ് പറഞ്ഞു.
പൈത്തണ്‍ ഫാം
തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ഇറച്ചി ആവശ്യത്തിനായി പെരുമ്പാമ്പുകളെ വളര്‍ത്തുന്നുണ്ട്. ഈ പെരുമ്പാമ്പ് ഫാമുകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. മലയോപൈത്തണ്‍ റെറ്റിക്കുലേറ്റസ്, ബര്‍മീസ് പെരുമ്പാമ്പുകള്‍ (പൈത്തണ്‍ ബിവിറ്റാറ്റസ്) എന്നിവയാണ് ഇറച്ചിക്ക് ഏറ്റവും അനുയോജ്യം. പാമ്പുകള്‍ക്ക് കുറഞ്ഞ വെള്ളം മതി. അവയ്ക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ ആവശ്യമുള്ളൂ. മാത്രമല്ല, ഭക്ഷ്യ വിളകളെ ആക്രമിക്കുന്ന എലികളെയും മറ്റ് കീടങ്ങളെയും അവര്‍ ഭക്ഷിക്കും. ചരിത്രപരമായി പല സ്ഥലങ്ങളിലും ഇവ ഒരു രുചികരമായ വിഭവമായിരുന്നു. പന്നികള്‍ക്കു പകരം പെരുമ്പാമ്പുകളെ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് ലാഭമാണ്. - അദ്ദേഹം പറഞ്ഞു.
പക്ഷികളും സസ്തനികളും കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് 90% ഊര്‍ജവും പാഴാക്കുന്നു. ശരീര താപനില നിലനിര്‍ത്താന്‍ അവയ്ക്ക് വലിയതോതില്‍ ഊര്‍ജം വേണം. എന്നാല്‍, തണുത്ത രക്തമുള്ള ജീവികള്‍ക്ക് കഴിക്കുന്ന ഭക്ഷണത്തെ കൂടുതല്‍ മാംസവും ശരീര കോശങ്ങളുമാക്കി മാറ്റാന്‍ കഴിയും. പെരുമ്പാമ്പുകള്‍ മാംസഭോജികളാണെങ്കിലും ഫാമുകളില്‍ പച്ചക്കറി നല്‍കിയും അവയെ വളര്‍ത്തുന്നുണ്ട്.
കാര്‍ഷിക മാലിന്യങ്ങള്‍ ഫലപ്രദമായി പ്രോട്ടീനാക്കി മാറ്റാന്‍ അവയ്ക്ക് കഴിയും. താരതമ്യേന കുറച്ച് മാലിന്യങ്ങള്‍ മാത്രമേ അവ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ- ഗവേഷകര്‍ പറഞ്ഞു. സംസ്‌കരിക്കുമ്പോള്‍, പെരുമ്പാമ്പിന്റെ ജീവനുള്ള ഭാരത്തിന്റെ 82% ഉപയോഗയോഗ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റാം. മാംസം, തുകല്‍, കൊഴുപ്പ് (പാമ്പ് എണ്ണ), പാമ്പ് പിത്തരസം എന്നിവയ്ക്ക് ആവശ്യക്കാരുണ്ട്.
ഹരിതഗൃഹ വാതകങ്ങളും കുറച്ചു മാത്രമാണ് അവ പുറത്തുവിടുന്നത്. ഭക്ഷണം കഴിക്കാതെ തന്നെ ഭാരം നിലനിര്‍ത്താന്‍ അവയ്ക്കാകും. നാല് മാസത്തിലധികം ഭക്ഷണം വേണ്ടെന്നു വയ്ക്കാം. തീറ്റ പുനരാരംഭിച്ചാലുടന്‍ വളര്‍ച്ച പുനരാരംഭിക്കാനും അവയ്ക്കു കഴിവുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.