മസാച്യുസെറ്റ്സ്: ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച് അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. 62 കാരനായ റിച്ചാർഡ് സ്ലേമാൻ എന്ന രോഗിയിൽ ഏകദേശം നാല് മണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
പന്നിയുടെ ജീനുകൾ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ കടത്തിവിട്ട് ജനിതകമായി മാറ്റം വരുത്തിയാണ് വൃക്ക മനുഷ്യ ശരീരത്തിൽ വച്ചുപിടിപ്പിച്ചത്. മസാച്യുസെറ്റ്സിലെ ഇജെനിസിസ് എന്ന ബയോടെക് കമ്പനിയാണ് ജനിതകമാറ്റം വരുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശസ്ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ നിരീക്ഷണത്തിലാണ് സ്ലേമാൻ. പന്നിയുടെ വൃക്കയെ ശരീരം നിരസിക്കാതിരിക്കുന്നതിനായി മരുന്നുകളുടെ നിയന്ത്രണത്തിലാകും അദേഹം.
രോഗികൾക്ക് എളുപ്പത്തിൽ അവയവം ലഭ്യമാക്കാനും ആരോഗ്യം വീണ്ടെടുക്കുന്നതിലേക്കുമുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു. അവയവങ്ങളുടെ ദൗർലഭ്യം ലോകം ഒന്നടങ്കം അനുഭവിക്കുന്നു. തങ്ങളുടെ ആശുപത്രിയിൽ മാത്രം 1,500-ഓളം പേരാണ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കായി കാത്തിരിക്കുന്നത്. അവയവദാനത്തിന് പല തടസങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്തെ നാഴികക്കല്ലായി ശസ്ത്രക്രിയയെ വിശേഷിപ്പിക്കാം.
നേരത്തെ മസ്തിഷ്ക മരണം സംഭവിച്ച രോഗികളിലേക്ക് പന്നിയുടെ വൃക്കകൾ മാറ്റിവച്ചിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ ആദ്യമായാണ് പന്നിയുടെ വൃക്ക മാറ്റി വയ്‌ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.