കൊച്ചി: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇന്നു മുതല്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിയ്ക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാന നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും.
കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. സിറോ മലബാര്‍ സഭയുടെ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍ മാനന്തവാടി നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലത്തീന്‍ സഭയില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. പീഡാനുഭവ വാരത്തിന് ഓശാനപ്പെരുന്നാളോടെ തുടക്കമാവും.
ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍ അഥവാ കുരുത്തോലപ്പെരുന്നാള്‍ എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം ക്രൈസ്തവ വിശ്വാസികള്‍ കുരിശിലേറ്റപ്പെടുന്നതിന് മുന്‍പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്നു പാടി ജനങ്ങള്‍ ക്രിസ്തുവിനെ വരവേറ്റ ബൈബിള്‍ സംഭവത്തെ അനുസ്മരിക്കുന്നു.
ബൈബിള്‍ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിലും യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തില്‍ (യോഹന്നാന്‍ 12:119) യഹൂദരുടെ പെസഹാ പെരുന്നാളിന്റെ ആറ് ദിവസങ്ങള്‍ക്ക് മുന്‍പായി യേശു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസര്‍ വസിച്ച ബേഥാന്യയിലേക്ക് യേശു വന്നു എന്നും പിറ്റേന്ന് പെരുന്നാളിന് വന്നോരു വലിയ പുരുഷാരം യേശു ജറുസലേമിലേക്ക് വരുന്നു എന്നു കേട്ടിട്ട്, ഈത്തപ്പനയുടെ കുരുത്തോല എടുത്തും കൊണ്ടു ഹോശാനാ, ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു കൊണ്ട് അവനെ എതിരേല്‍ക്കാന്‍ ചെന്നതായും എഴുതിയിരിക്കുന്നു.
മര്‍ക്കോസിന്റെ സുവിശേഷത്തിലെ (മര്‍ക്കോസ് 11:111) വിവരണം ഇപ്രകാരമാണ്: അവര്‍ ജറുസലേമിനോടു സമീപിച്ച് ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ട് പേരെ അയച്ചു അവരോട്, നിങ്ങള്‍ക്ക് എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍, അതില്‍ കടന്നാല്‍ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചു കൊണ്ടുവരുവിന്‍. ഇത് ചെയ്യുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറയുവിന്‍. അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ട് അയക്കും എന്നു പറഞ്ഞു.
അവര്‍ പോയി തെരുവില്‍ പുറത്ത് വാതില്‍ക്കല്‍ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരില്‍ ചിലര്‍ അവരോട് നിങ്ങള്‍ കഴുതകുട്ടിയെ അഴിക്കുന്നത് എന്ത് എന്ന് ചോദിച്ചു. യേശു കല്‍പിച്ചതുപോലെ അവര്‍ അവരോടു പറഞ്ഞു. അവര്‍ അവരെ വിട്ടയച്ചു. അവര്‍ കഴുതകുട്ടിയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല്‍ ഇട്ടു. അവന്‍ അതിന്മേല്‍ കയറി ഇരുന്നു. അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു. മറ്റു ചിലര്‍ പറമ്പുകളില്‍ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി. മുമ്പും പിമ്പും നടക്കുന്നവര്‍ 'ഹോശാനാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ, അത്യുന്നതങ്ങളില്‍ ഹോശാനാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.