ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പാര്‍പ്പിക്കാനായി തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ജാമ്യം ലഭിച്ചില്ലെങ്കില്‍ കെജരിവാളിനെ തിഹാറിലെ 5-ാം നമ്പര്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് സാധ്യത. 1, 3, 7 ജയിലുകളില്‍ പാര്‍പ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് സൂചന. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ നിന്ന് അകലെയാകും അദ്ദേഹത്തെ പാര്‍പ്പിക്കുക.
കെജരിവാളിനെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളില്‍ ഒന്നാമത്തെ സെല്ലിലാണ് അദേഹമുള്ളത്. മാര്‍ച്ച് 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇ.ഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാര്‍ ജയിലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
എ പ്ലസ് സുരക്ഷ ഉള്ള രാഷ്ട്രീയ നേതാവാണ് കെജരിവാള്‍. മുഖ്യമന്ത്രി പദവി രാജി വച്ചിട്ടില്ലാത്തതിനാല്‍ അതീവ സുരക്ഷയ്ക്ക് അര്‍ഹനാണ്. അതിനാല്‍ തിഹാറിലെ അതീവ സുരക്ഷ ജയിലുകളിലൊന്നിലാകും പാര്‍പ്പിക്കുക. അഞ്ചാം നമ്പര്‍ ജയിലിലെ ചില സെല്ലുകള്‍ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇവിടെ വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇത് എന്തിനുവേണ്ടിയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
സാധാരണ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് മറ്റ് പ്രതികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. കെജരിവാളിന്റെ തിഹാര്‍ ജീവിതവും ഒറ്റയ്ക്കാകും. ജയിലില്‍ വച്ച് കേസിലെ മറ്റ് പ്രതികളെ കാണാനോ, സംസാരിക്കാനോ ഉള്ള അവസരം ലഭിക്കില്ല. ഒരേ ജയിലില്‍ ആണങ്കിലും വ്യത്യസ്ത സെല്ലുകളില്‍ ആകും പാര്‍പ്പിക്കുക.
ജയിലിലെത്തിയാല്‍ തിഹാര്‍ മാനുവല്‍ പ്രകാരം കെജരിവാളിന് ആഴ്ചയില്‍ രണ്ട് തവണ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാം. എന്നാല്‍ കോടതിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ ഇതില്‍ ഇളവ് ലഭിച്ചേക്കും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് ആവശ്യമാണ്.
ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ദിവസവും അഞ്ച് മിനുട്ട് ഫോണ്‍ ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. ജയിലില്‍ ഇരുന്ന് ഭരണം നടത്തുമെന്ന് അറിയിച്ചിട്ടുള്ള കെജരിവാള്‍ ഈ ഫോണ്‍ കോളുകള്‍ രാഷ്ട്രീയമായും ഭരണപരമായും എങ്ങനെ വിനിയോഗിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.