അഡലെയ്ഡ്: ഓസ്ട്രേലിയന്‍ നഗരമായ അഡലെയ്ഡിന്റെ ഹൃദയഭാഗത്ത് ദുഖവെള്ളി ദിനത്തില്‍ സിറോ മലബാര്‍ വിശ്വാസികള്‍ നടത്തിയ പീഡാനുഭവയാത്ര അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ചു. നഗരത്തോടു ചേര്‍ന്നുള്ള ബ്ലൂ ഗം പാര്‍ക്കില്‍ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്തുവിന്റെ പീഡാനുഭവ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. നിരവധി വിശ്വാസികളാണ് ഇവിടെ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിലും പങ്കെടുത്തത്. വിശ്വാസികള്‍ക്ക് പുറമേ പാര്‍ക്കിലെത്തിയവര്‍ക്കും ദൃശ്യാവിഷ്‌കാരം വൈകാരികമായ അനുഭവമായി മാറി.
അഡലെയ്ഡിലെ സിറോ മലബാര്‍ ഫൊറോനയുടെ കീഴിലുള്ള സെന്റ് എവുപ്രാസ്യ, സെന്റ് മേരീസ്, സെന്റ് അല്‍ഫോന്‍സ ഇടവകകള്‍ സംയുക്തമായാണ് പീഡാനുഭവ ദൃശ്യാവിഷ്‌കാരം നടത്തിയത്.
ക്രിസ്തുവും മാതാവും പടയാളികളുമൊക്കെയായി വേഷമിട്ട യുവജനങ്ങളും വിശ്വാസികളും പങ്കെടുത്ത ഭക്തിസാന്ദ്രമായ പരിഹാരപ്രദക്ഷിണം വ്യത്യസ്തമായ അനുഭവമാണ് നല്‍കിയത്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാര്‍ഥനകളുമടങ്ങിയ കുരിശിന്റെ വഴിയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്.
യേശു മരണത്തിനു വിധിക്കപ്പെടുന്നതു മുതല്‍ കുരിശില്‍ മരിക്കുന്നതു വരെയുള്ള മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
സെന്റ് അല്‍ഫോന്‍സ, സെന്റ് മേരീസ് ഇടവക ദേവാലയങ്ങളുടെ വികാരി ഫാ. സിബി പുളിക്കലും സെന്റ് എവുപ്രാസ്യ ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. അജിത് ചെറിയകരയും ദൃശ്യാവിഷ്‌കാരത്തിന് നേതൃത്വം നല്‍കി. തങ്ങള്‍ക്ക് തീക്ഷ്ണതയോടെ കൈമാറിക്കിട്ടിയ വിശ്വാസ പാരമ്പര്യം മക്കള്‍ക്ക് കൈമാറാനുള്ള ഓസ്‌ട്രേലിയന്‍ സിറോ മലബാര്‍ വിശ്വാസികളുടെ പരിശ്രമം എല്ലാ ക്രൈസ്തവര്‍ക്കും മാതൃകയാണെന്ന് ഫാ. സിബി പുളിക്കല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26