കലാപം രൂക്ഷമായ ഹെയ്തിയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ള്‍ക്ക് നേരെ മാഫിയ സംഘങ്ങളുടെ ആക്രമണം; മൈനര്‍ സെമിനാരിക്കു തീയിട്ടു

കലാപം രൂക്ഷമായ ഹെയ്തിയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ള്‍ക്ക് നേരെ മാഫിയ സംഘങ്ങളുടെ ആക്രമണം; മൈനര്‍ സെമിനാരിക്കു തീയിട്ടു

പോര്‍ട്ട് ഓ പ്രിന്‍സ്: കലാപം രൂക്ഷമായ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണം. ഏപ്രില്‍ ഒന്നിന് സ്പിരിറ്റന്‍ ഫാദേഴ്സ് നടത്തുന്ന മൈനര്‍ സെമിനാരിക്കു നേരെ ആക്രമണം സായുധ മാഫിയ സംഘങ്ങളുടെ നടന്നതായി ഹെയ്തിയന്‍ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് (സി.ഡി.എച്ച്) റിപ്പോര്‍ട്ട് ചെയ്തു.

അക്രമികള്‍ സെമിനാരിക്കുള്ളില്‍ അതിക്രമിച്ചുകയറുകയും കമ്പ്യൂട്ടര്‍ മുറി കത്തിക്കുകയും സെമിനാരി ലൈബ്രറി കൊള്ളയടിക്കുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

'അക്രമികള്‍ സ്വകാര്യ-സര്‍ക്കാര്‍ സ്വത്തുക്കള്‍ യാതൊരു വിവേചനവുമില്ലാതെ ആക്രമിക്കുകയും അവരുടെ കണ്ണില്‍ യാതൊരു വിലയുമില്ലെന്നു തോന്നുന്ന ആളുകളുടെ ജീവന്‍ അപകടപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സെന്റ് മാര്‍ഷല്‍ മൈനര്‍ സെമിനാരി ആക്രമണത്തിനിരയായ വിവരം ഏറെ വേദനിപ്പിക്കുന്നു' - സി.ഡി.എച്ച്. പ്രസ്താവനയില്‍ പറഞ്ഞു.

ഇതേ ക്രിമിനല്‍ സംഘങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസുള്ള നാഷണല്‍ പാലസ് ഓഫ് ഹെയ്തി ബലമായി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹെയ്തിയന്‍ പൊലീസിന്റെ നടപടികളും കെട്ടിടത്തിന്റെ സുരക്ഷാ യൂണിറ്റുകളുടെ ശക്തമായ പ്രതിരോധവും കാരണം അവര്‍ പരാജയപ്പെട്ടു. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു; അവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മാര്‍ച്ച് ആദ്യം മുതല്‍, ഹെയ്തിയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം ക്രമാതീതമായി വഷളായിരിക്കുകയാണ്. ആഭ്യന്തര യുദ്ധവും അരാജകത്വവും കാരണം രാജ്യത്തെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ആഭ്യന്തര യുദ്ധത്തില്‍ 2023ല്‍ മാത്രം 40,000ത്തിലധികം പേര്‍ ഹെയ്തിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

സ്പിരിറ്റന്‍ ഫാദേഴ്‌സിന് തങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പു നല്‍കുകയാണെന്ന് ഹെയ്തിയന്‍ റിലീജിയസ് കോണ്‍ഫറന്‍സ് അറിയിച്ചു. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും നീതി കെട്ടിപ്പടുക്കാനും എല്ലാ ജനങ്ങളും സഹിഷ്ണുതയോടെ ജീവിക്കുന്ന സാഹചര്യം സംജാതമാകാനും പ്രാര്‍ത്ഥിക്കുകയാണെന്നും ഹെയ്തിയന്‍ റിലീജിയസ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു.

ഒമ്പത് ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ 'ജി-9' ആണ് പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയില്‍ കലാപം ആരംഭിച്ചത്. രാജി വെച്ചില്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാര്‍ബിക്യു ചെറിസിയര്‍ ഭീഷണി മുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി ഇതിനിടെ രാജിവെച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനല്‍ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.