ടോക്കിയോ: പഠനത്തിനും ജോലിക്കുമായി ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്ന പ്രധാന വിദേശ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. മെഡിസിൻ പഠനത്തിനായി കേരളത്തിൽ നിന്നടക്കം നിരവധി പേർ ഓരോ വർഷവും ജപ്പാനിലെത്തുന്നു. ഇപ്പോഴിതാ ഇന്ത്യ അടക്കമുള്ള പ്രിയ രാജ്യങ്ങൾക്കായി ഇ-വിസ സംവിധാനം ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാൻ.
ഒറ്റത്തവണ പ്രവേശനം അനുവദിക്കുന്ന ഈ പദ്ധതിക്ക് 90 ദിവസം വരെയാണ് കാലാവധിയുള്ളത്. സാധാരണ പാസ്‌പോർട്ടുള്ള, വിമാനമാർഗം ജപ്പാനിലെത്താൻ ശ്രമിക്കുന്നവർക്കുവേണ്ടിയാണ് ഇ-വിസ പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. ജപ്പാനിൽ ഹ്രസ്വകാല വിനോദ സഞ്ചാരത്തിനെത്തുന്നവർക്ക് ജപ്പാൻ ഇ-വിസ സംവിധാനത്തിലൂടെ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുന്നു.
ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിംഗപൂർ, സൗത്ത് ആഫ്രിക്ക, തായ്‌വാൻ, യുഎഇ, യുകെ, യുഎസ്‌എ എന്നീ രാജ്യങ്ങൾക്കാണ് 'ജപ്പാൻ ഇ- വിസ' സംവിധാനം ഉപയോഗിക്കാനാവുക. ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
എങ്ങനെ അപേക്ഷിക്കാം?
ആദ്യം ജപ്പാൻ ഇ- വിസ വെബ്‌സൈറ്റിൽ കയറുക. അതിനുശേഷം ഏത് തരത്തിലെ വിസയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക, രേഖകൾ സമർപ്പിക്കുക. എല്ലാ വിവരങ്ങളും കൃത്യമായി നൽകുക. വിസ ആപ്ളിക്കേഷൻ വിവരങ്ങൾ നിങ്ങളുടെ ഇമെയിലിൽ ലഭ്യമാവും. എത്രയാണ് അപേക്ഷാഫീസെന്ന് ഇമെയിലിൽ വ്യക്തമാക്കും. ഈ തുക അടയ്ക്കുക. പണമടച്ചുകഴിഞ്ഞാൽ ഇ-വിസ ലഭ്യമാവും.
ഇ-വിസയ്ക്കായി അപേക്ഷിച്ചവർക്ക് ഒരു അഭിമുഖത്തിനായി അപേക്ഷകന്റെ താമസ സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജാപ്പനീസ് വിദേശ സ്ഥാപനത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശം ലഭിക്കും. ഇതോടെയാകും വിസ പ്രക്രിയ പൂർത്തിയാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.