അമേരിക്കയില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച 62 കാരന്‍ ആശുപത്രി വിട്ടു; ഇനി ഡയാലിസിസ് ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍

അമേരിക്കയില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച 62 കാരന്‍ ആശുപത്രി വിട്ടു; ഇനി ഡയാലിസിസ് ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍

ബോസ്റ്റണ്‍: അമേരിക്കയില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച രോഗി ആശുപത്രി വിട്ടു. 62 കാരനായ റിച്ചാര്‍ഡ് സ്ലേമാനെ ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്താദ്യമായാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവയ്ക്കുന്നത്.

മാര്‍ച്ച് 16 ന് നടത്തിയ നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക ശരീരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ച് റിച്ചാര്‍ഡ് സ്ലേമാന്‍ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു.

സ്ലേമാന്റെ വൃക്ക നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇനി ഡയാലിസിസ് ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി വിട്ട് വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് സ്ലേമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഡയാലിസിസിന് ശേഷം 2018 ല്‍ സ്ലേമാന് മനുഷ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം അവയവം പരാജയപ്പെടുകയും ഡയാലിസിസ് ചികിത്സ പുനരാരംഭിക്കുകയും ചെയ്തു.

ഇതോടെയാണ് പന്നിയുടെ വൃക്ക മാറ്റിവയ്ക്കാനുള്ള സാദ്ധ്യത ഡോക്ടര്‍മാര്‍ ആരാഞ്ഞത്. കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഇജെനെസിസാണ് പന്നി വൃക്കയില്‍ ജനിതമാറ്റം വരുത്തി മനുഷ്യ ജീനുകള്‍ കൂട്ടിച്ചേര്‍ത്തത്. പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്താണ് പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്തത്.

യുണൈറ്റഡ് നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ അഭിപ്രായത്തില്‍, യുഎസില്‍ 100,000-ത്തിലധികം ആളുകള്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ ആവശ്യം വൃക്കകള്‍ക്കാണ്.

നേരത്തെ മേരിലാന്‍ഡ് സര്‍വകലാശാല രണ്ട് രോഗികളില്‍ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.