വാഷിംഗ്ടൺ ഡിസി: കണ്ണിന് വിരുന്നൊരുക്കി ഏപ്രിൽ എട്ടിന് ആകാശത്ത് അപൂർവ്വ കാഴ്ച. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്ന അന്നേ ദിവസം നാല് ഗ്രഹങ്ങളെയും ഒരു വാൽ നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്ര ലോകത്തിന് ലഭിക്കുന്നത്. ഈ അപൂർവ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങൾക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞർ ഒരുങ്ങി കഴിഞ്ഞു.
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രിൽ എട്ടിന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടത് വശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രൻ തിളങ്ങും.
സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂർവ്വ സംഗമത്തിനാണ് ആകാശം വേദിയാകുക. ഈ ഗ്രഹങ്ങൾക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകൾ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തിൽ ഇവ തിളങ്ങുമെന്നതാണ് പ്രത്യേകത. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാൽ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിൾ കോമറ്റ്’ എന്നറിയപ്പെടുന്ന വാൽനക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാൻ ഒരുങ്ങുകയാണ്.
സ്റ്റാൻഡേർഡ് ഇന്ത്യൻ സമയം പ്രകാരം 2024 ഏപ്രിൽ എട്ടിന് രാത്രി 09:12 ന് ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് പുലർച്ചെ 02.22 ന് അവസാനിക്കും. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ ഈ സൂര്യഗ്രഹണത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ നേരിട്ട് ഈ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, നോർവേ, പനാമ, റഷ്യ, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം, വെനസ്വേല, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ കഴിയും. മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഇതിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവപ്പെടും. സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലെ നൂറുകണക്കിന് സ്‌കൂളുകൾ അടച്ചിടും. ഈപ്രദേശങ്ങളിൽ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഒക്കെ ഉണ്ടാകുവാനും സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്.
അതേസമയം പ്രകൃതിയുടെ അപൂർവ പ്രതിഭാസമായ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് ദൃശ്യമാകുന്നതിന് മുന്നോടിയായി നയാഗ്ര മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ ഉടനടി പ്രാബല്യത്തിൽ വരും. 2024ലെ ആദ്യ പൂർണ്ണഗ്രഹണം കാണാൻ കാനഡയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് നയാഗ്ര എന്നതിനാൽ ഒരു ദശലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ നയാഗ്ര തയ്യാറാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് മുൻകൂട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് നയാഗ്ര റീജൻ ചെയർ ജിം ബ്രാഡ്ലി പറയുന്നു. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഏത് സാഹചര്യത്തിലും നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷണത്തിനുമാണ് എമർജൻസി മാനേജ്മെന്റ് ആന്റ് സിവിൽ പ്രൊട്ടക്ഷൻ ആക്റ്റിന് കീഴിൽ അടിയന്തിരാവസ്ഥ നടപ്പിലാക്കിയിരിക്കുന്നത്.
സൂര്യഗ്രഹണ ദിവസം പൊതുജനങ്ങൾ ഐഎസ്ഒ 12312-2 അംഗീകൃതമായ എക്ലിപ്‌സ് കണ്ണടകൾ മാത്രം മാത്രം ധരിക്കാവൂ എന്നും ജിം ബ്രാഡ്ലി നിർദേശിച്ചിട്ടുണ്ട്. സാധാരണ സൺഗ്ലാസുകൾ ഉപയോഗിക്കരുത്. കൂടാതെ ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ, ഗ്രഹണം കാണാൻ വാഹനം നിർത്തുകയോ ചിത്രമെടുക്കുകയോ കാറിൽ നിന്ന് ഇറങ്ങുകയോ ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച മുതൽ നയാഗ്ര മേഖലയിൽ ഗതാഗതക്കുരുക്ക് ആരംഭിക്കുമെന്നും ഗ്രഹണസമയം വരെ ഇത് നീണ്ടുനിൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നയാഗ്ര ഫോൾസ് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രഹണാവസാനത്തോടെ സന്ദർശകർ നയാഗ്രയിൽ നിന്നും മടങ്ങുന്നതും പ്രദേശത്ത് കനത്ത ഗതാഗത തടസത്തിനു ഇടയാക്കിയേക്കും. ഈ തിരക്ക് നയാഗ്രയിലെ പല പ്രാദേശിക റോഡുകളെയും പ്രവിശ്യാ ഹൈവേകളെയും ബാധിക്കുമെന്നും പൊലീസ് പറയുന്നു.
സൂര്യഗ്രഹണ ദിനത്തിൽ വലിയ ജനക്കൂട്ടത്തെയും ഗതാഗത തടസത്തെയു പ്രതീക്ഷിക്കുന്നതിനാൽ നയാഗ്ര നിവാസികളും സന്ദർശകരും കുടിവെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ അവിശ്യ വസ്തുക്കൾ മുൻകൂട്ടി കരുതിയിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
സൂര്യഗ്രഹണസമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നായിരിക്കും ഗ്രഹണ സൂര്യൻ കാനഡയിലെത്തുന്നത്. ഏകദേശം 32 ദശലക്ഷം ആളുകൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാനാവും.
സൂര്യ ഗ്രഹണം 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും എന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം. 2017 ലാണ് ഇത്തരമൊരു സംഭവം അവസാനമായി സംഭവിച്ചത്. ടെക്‌സാസിൽ ആദ്യമായി കാണപ്പെടുന്ന സമ്പൂർണ സൂര്യഗ്രഹണം ഉച്ചയ്ക്ക് 1.27 ന് ആരംഭിക്കും.
ആകാശ പ്രതിഭാസം കാണാൻ വൻ ജനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിൽ സൂര്യഗ്രഹണത്തിന് മുന്നോടിയായി ഇന്ത്യാന ഗവർണർ എറിക് ഹോൾകോംബ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യാനയിൽ അവസാനമായി 1869 ലാണ് പൂർണ സൂര്യഗ്രഹണം കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.