ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാനും ഹിസ്ബുള്ളയും; അമേരിക്ക മാറി നിന്നില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാനും ഹിസ്ബുള്ളയും; അമേരിക്ക മാറി നിന്നില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ടെല്‍ അവീവ്: ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. സിറിയയിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. അമേരിക്ക വിഷയത്തില്‍ ഇടപെടാന്‍ വരരുതെന്നും, ഒഴിഞ്ഞ് നില്‍ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇസ്രയേലിനെതിരായ നീക്കം കടുപ്പിക്കുകയാണെന്നും, അമേരിക്ക ഇടപെട്ടാല്‍ അവര്‍ക്കും തിരിച്ചടി കിട്ടുമെന്നുമാണ് രേഖാമൂലം കൈമാറിയ സന്ദേശത്തില്‍ ഇറാനിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി പറയുന്നത്. ഇതിന് മറുപടിയായി അമേരിക്കയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് അമേരിക്ക നിര്‍ദേശം നല്‍കിയതായും ജംഷിദി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

'നെതന്യാഹുവിന്റെ കെണിയില്‍ വീഴരുതെന്ന് യുഎസിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി' എന്നാണ് മുഹമ്മദ് ജംഷിദി എക്‌സില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചാണ് മുന്നറിയിപ്പ്.

എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക അതീവ ജാഗ്രതയിലാണെന്നും, ഒരു ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ടെന്നും ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളോ രഹസ്യാന്വേഷണ ഏജന്‍സിയുടെ കേന്ദ്രങ്ങളോ ആക്രമിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമ്പോഴും, അത് മറ്റാരുടെയെങ്കിലും പിന്തുണയോടെയാണോ എന്നുള്ള കാര്യമൊന്നും ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുള്ളയുടെ പിന്തുണയോടെയാകും നീക്കമെന്നാണ് പ്രാഥമിക വിവരം. ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് ഇറാനിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് ഇറാനിലെ ഒരു നയതന്ത്ര കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. പിന്നാലെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇറാന്‍ തീരുമാനിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നും ഇവര്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.