തിരുവനന്തപുരം: പാനൂരിലെ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആണയിടുമ്പോഴും സംഭവത്തില്‍ വടകരയിലെ ഇടത് സ്ഥാനാര്‍ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് കടുത്ത അതൃപ്തി.
വടകരയിലെ തന്റെ വിജയ സാധ്യതകളെ ബാധിക്കുമെന്നാണ് ശൈലജയുടെ നിലപാട്. സിപിഎം സംസ്ഥാന നേതൃത്വത്തെ ശൈലജ ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ഗ്രാമത്തിലുണ്ടായ സ്ഫോടനവും മറ്റും ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്നും സംഭവം വിവാദമാകാതെ അധിക കരുതല്‍ വേണമെന്നുമാണ് ശൈലജയുടെ ആവശ്യം. അതിനിടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ശൈലജയുടെ ഫോട്ടോ വിവാദമായിട്ടുണ്ട്.
പാനൂരില്‍ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പത്തിലധികം സ്റ്റീല്‍ ബോംബുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
അറസ്റ്റിലായവരില്‍ ഷാബിന്‍ ലാലാണ് ചോദ്യം ചെയ്യുന്നതിനിടെ ബോംബിനെക്കുറിച്ച് വെളുപ്പെടുത്തിയത്. കൂടുതല്‍ ബോംബ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിആര്‍പിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.
സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിര്‍മാണം നടന്നു വരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍മിച്ചിരുന്നത്. സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഇതുവരെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ആരംഭിച്ചു. കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായി ഇരു പാര്‍ട്ടികളും ആരോപിച്ചു. കോണ്‍ഗ്രസ് ഒരു മുഴംകൂടി മുന്നിലെറിഞ്ഞ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ഇന്ന് സമാധാന റാലിയും സംഘടിപ്പിച്ചു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമടക്കം ലൈവാക്കി നിര്‍ത്തി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ടു ചോദിക്കുന്ന എന്നതാണ് വടകരയില്‍ യുഡിഎഫിന്റെ മുഖ്യ പ്രചരണായുധം. അതിനെ കൂടുതല്‍ സഹായിക്കുന്നതായി പാനൂരിലെ പാര്‍ട്ടി ഗ്രാമത്തിലുണ്ടായ ബോംബ് സ്‌ഫോടനം.
ടി.പി വധവുമായി ബന്ധപ്പെട്ട് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ നേരത്തെ നടത്തിയ പ്രതികരണങ്ങളിലും ശൈലജ അസ്വസ്ഥയായിരുന്നു. ഇക്കാര്യത്തില്‍ പരാതിപ്പെട്ടതോടെ പാര്‍ട്ടി ജയരാജനെ നിയന്ത്രിച്ചു. അതിലും അപ്പുറത്തേക്ക് തന്റെ സാധ്യതകളെ ബാധിക്കുന്നതാണ് പാനൂര്‍ സ്ഫോടനമെന്ന വിലയിരുത്തല്‍ ശൈലജയ്ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.