'ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് പ്രണയത്തിന്റെ ചതിക്കുഴികളെക്കുറിച്ച് അറിവ് നല്‍കാന്‍; വിവാദമാക്കേണ്ടതില്ല': സീറോ മലബാര്‍ സഭ പിആര്‍ഒ

'ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് പ്രണയത്തിന്റെ ചതിക്കുഴികളെക്കുറിച്ച് അറിവ് നല്‍കാന്‍; വിവാദമാക്കേണ്ടതില്ല': സീറോ മലബാര്‍ സഭ പിആര്‍ഒ

കൊച്ചി: ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച കേരളാ സ്റ്റോറി എന്ന സിനിമ ഇടുക്കി രൂപത വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശനം നടത്തിയത് പ്രണയത്തിന്റെ ചതിക്കുഴികളെ കുറിച്ച് വിശദീകരിക്കാനെന്ന് സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ആന്റണി വടക്കേക്കര.

അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു.

ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനും വര്‍ഗീയ ധ്രുവികരണത്തിനും ഉപയോഗിക്കേണ്ടതില്ല. പ്രമേയത്തിന്റെ പല തലങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി പ്രണയത്തിന്റെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ കുട്ടികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ലക്ഷ്യം.

അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ പ്രണയത്തിന്റെ ചതിക്കുഴികളെ കുറിച്ച് വിശദീകരിക്കാന്‍ പറ്റിയ സിനിമ എന്ന തരത്തില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതൊരു വിവാദ വിഷയമല്ല. വിവാദമാക്കേണ്ടതുമില്ല. നാലാം തിയതിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വാര്‍ത്ത വരുന്നത് എട്ടാം തിയതിയാണ്. അതുകൊണ്ട് തന്നെ ഇതിന് വലിയ വാര്‍ത്ത പ്രാധാന്യമില്ലെന്ന് വ്യക്തമാണെന്ന് അദേഹം പറഞ്ഞു.

നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടാകുമ്പോള്‍ ആ മാതാപിതാക്കള്‍ക്ക് ഇത് ഒരു തെറ്റായി തോന്നില്ല. നമ്മളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടായാല്‍ പരിഹാര മാര്‍ഗം കാണണമല്ലോ. പൊതുസമൂഹം അതിനെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്.

'ചിലയിടങ്ങളില്‍ ഇത്തരം പ്രണയ കുരുക്കുകളെ കുറിച്ചും ചതികളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കില്ല. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യത്തിന് നേരെ തുറന്നുപിടിച്ച കണ്ണാടിയാവേണ്ടതുണ്ട്.

വ്യാപകമായി മറ്റ് മതവിഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പ്രണയ ചതികളോ പ്രണയ കുരുക്കുകളോ ഉണ്ടാകുന്നുണ്ടെങ്കില്‍ അതും സിനിമയാകട്ടെ. അങ്ങനെയുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരട്ടെ'- ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

ഒന്നും രണ്ടും ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയല്ല ചിത്രം കാണിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതുകൊണ്ടാണ് ആക്ടിവിറ്റിയുടെ ഭാഗമായി കേരളാ സ്റ്റോറി കാണിച്ചത്.

താന്‍ ഈ സിനിമ കണ്ടതാണ്. ഇതൊരു മോശം സിനിമയാണെന്ന് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ ഇത് കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത സിനിമയാണെന്നും തോന്നുന്നില്ല. ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിവാദമുണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ദൂരദര്‍ശന്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് അവരുടെ തീരുമാനമാണ്. കലാ മൂല്യമുള്ള സിനിമയാണെന്ന കാരണത്താല്‍ ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റ് പറയേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

ചിത്രം കേരളത്തെ മോശമായി അവതരിപ്പിക്കുന്നുവെന്നോ കേരളത്തില്‍ പൂര്‍ണമായും ഇങ്ങനെയാണ് നടക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നതായോ തോന്നുന്നില്ല. ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് അതിനെ അഭിസംബോധന ചെയ്യുന്നു. വിവാദമാക്കിയതിനാല്‍ കൂടുതല്‍ ആളുകള്‍ ആ ചിത്രം കണ്ടു.

വിഷയം തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത രാഷ്ട്രീയമായ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കേണ്ടതില്ല. കാണേണ്ടവര്‍ക്ക് കാണാം. അല്ലാത്തവര്‍ കാണേണ്ടതില്ല. ഇടുക്കി രൂപത കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. അതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതിയെന്നും സിറോ മലബാര്‍ സഭ പിആര്‍ഒ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.