ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ പുതിയ നിലപാടുമായി ട്രംപ്; നിരോധിക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുന്‍ പ്രസിഡന്റ്

ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ പുതിയ നിലപാടുമായി ട്രംപ്; നിരോധിക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായക വിഷയങ്ങളിലൊന്നായ ഗര്‍ഭച്ഛിദ്ര നിരോധനത്തില്‍ നിലപാട് പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ദേശീയ ഗര്‍ഭച്ഛിദ്ര നിരോധനത്തെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ നിലപാട് ട്രംപ് പരാമര്‍ശിച്ചില്ല.

ഗര്‍ഭച്ഛിദ്രം നിരോധിക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ വോട്ടെടുപ്പിലൂടെയോ നിയമനിര്‍മാണത്തിലൂടെയോ തീരുമാനിക്കും. അവര്‍ തീരുമാനിക്കുന്നതെന്തും രാജ്യത്തെ നിയമമായിരിക്കണമെന്നും ട്രൂത്ത് എന്ന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ട്രംപ് പറഞ്ഞു. ഗര്‍ഭച്ഛിദ്ര നിയമ നിര്‍മാണം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കി 2022ല്‍ യു.എസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തനിക്കൊപ്പം നില്‍ക്കുന്ന കടുത്ത വലതുപക്ഷ അനുഭാവികളെ തൃപ്തിപ്പെടുത്തുന്നതിനും അതേസമയം, തര്‍ക്ക വിഷയത്തില്‍ മധ്യവാദികളെ അകറ്റാതിരിക്കുന്നതിനുമുള്ള പുതിയ തന്ത്രമാണ് ട്രംപ് സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പല സംസ്ഥാനങ്ങളും ഗര്‍ഭച്ഛിദ്രത്തിന് വിധേയമാകേണ്ട കാലാവധി എത്ര ആഴ്കള്‍ വരെ എന്നതു സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. ഇതെല്ലാം ജനങ്ങളുടെ താല്‍പര്യം അനുസരിച്ചാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവന നല്‍കുന്നത്. ബലാത്സംഗം, വ്യാഭിചാരം, അമ്മയുടെ ജീവന് സംരക്ഷണം എന്നിവ കാരണമുളള ഗര്‍ഭച്ഛിദ്രം ഒഴികെ 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധനത്തിന് ട്രംപ് മുമ്പ് പിന്തുണ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.