എന്‍ഡിഎയുടെ സിറ്റിങ് എംപിമാര്‍ക്കെതിരെ വളരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ സ്വപ്നം കാണുന്ന ബിജെപി സഖ്യത്തിന് മഹാരാഷ്ട്രയില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് സര്‍വേ. ഇന്ത്യ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ലോക്പോള്‍ സര്‍വേ പ്രവചിക്കുന്നത്. 23 നും 26 നും ഇടയില്‍ സീറ്റുകള്‍ ഇന്ത്യ സഖ്യം നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒന്‍പത് മുതല്‍ 12 വരെ സീറ്റുകള്‍ നേടുമെന്ന് ലോക്പോള്‍ സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ എന്‍ഡിഎയ്ക്ക് 21 നും 24 നും ഇടയില്‍ സീറ്റുകള്‍ മാത്രമേ നേടാനാവൂ. അതില്‍ തന്നെ ബിജെപി 14 മുതല്‍ 17 സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ലോക്പോള്‍ സര്‍വേ പറയുന്നു.
എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടി കിട്ടാന്‍ കാരണം ഏക്നാഥ് ഷിന്‍ഡെയും അജിത്ത് പവാറുമാണ്. ഇരുപക്ഷവും തിരഞ്ഞെടുപ്പില്‍ അപ്രസക്തമാവും. ഉദ്ധവ് താക്കറെയ്ക്കും ശരത് പവാറിനുമൊപ്പമാണ് ജനങ്ങള്‍ എന്ന കൃത്യമായ സന്ദേശം ഇതിലൂടെ നല്‍കാനും ഇന്ത്യ സഖ്യത്തിന് സാധിക്കും.
ചിഹ്നവും പാര്‍ട്ടിയുടെ പേരും അടക്കം നഷ്ടപ്പെട്ട ഉദ്ധവിന്റെ ശിവസേനക്കും ശരത് പവാറിന്റെ എന്‍സിപിക്കും മഹാരാഷ്ട്രയില്‍ കരുത്ത് വീണ്ടെടുക്കാനാവുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇത്തവണ ഏറ്റവും വലിയ കക്ഷി ബിജെപിയായിരിക്കും. എന്നാല്‍ 2019 നെ അപേക്ഷിച്ച് വലിയ നഷ്ടം തന്നെ ഇത്തവണ ബിജെപിക്കുണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 48 ല്‍ 41 സീറ്റുകളും ബിജെപി-ശിവസേന സഖ്യം തൂത്തു വാരിയിരുന്നു. ബിജെപിക്ക് 23 ഉം ശിവസേനയ്ക്ക് 18 സീറ്റുകളുമാണ് ലഭിച്ചത്. എന്‍സിപിക്ക് നാല് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങി.
എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ മഹാരാഷ്ട്രയില്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. വിദര്‍ഭ മേഖലയില്‍ വന്‍ നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കും. അതേസമയം എന്‍സിപിയിലെയും ശിവസേനയിലെയും വിമത വിഭാഗങ്ങള്‍ ചിഹ്നത്തിലും പേരിലുമെല്ലാം അനുകൂല നേട്ടമുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേടിരുമെന്നും സര്‍വേ പറയുന്നു.
ഉദ്ധവ് താക്കറെയുടെ ശിവസേന യുബിടിക്കൊപ്പവും എന്‍സിപി ശരത് പവാര്‍ പക്ഷത്തിനുമൊപ്പം പരമ്പരാഗത വോട്ടര്‍മാര്‍ നില്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്. സര്‍വേ യാഥാര്‍ത്ഥ്യമായാല്‍ യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളുടേതാണെന്ന ഉദ്ധവ് താക്കറെയുടെയും ശരത് പവാറിന്റെയും വാദങ്ങള്‍ക്ക് സ്ഥിരീകരണവും ലഭിക്കും.
മഹാവികാസ് അഗാഡിക്ക് സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ചില സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സംഗ്ലി, ഭീവണ്ഡി, മുംബൈ സൗത്ത് സെന്‍ട്രല്‍ എന്നിവ സഖ്യത്തിന് നഷ്ടമാവും. എന്‍ഡിഎയുടെ സിറ്റിങ് എംപിമാര്‍ക്കെതിരെ വളരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
അത് എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയായി മാറും. എന്‍ഡിഎ സഖ്യങ്ങള്‍ക്കിടയില്‍ ബിജെപിയില്‍ നിന്ന് വോട്ട് ലഭിക്കുന്നതും കുറവായിരിക്കും. മുസ്ലീങ്ങള്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ മഹാവികാസ് അഗാഡിക്ക് അനുകൂലമായി വോട്ട് ചെയ്യും. മറാത്ത വികാരം തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മാറുമെന്നും സര്‍വേ പ്രവചിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.