ന്യൂഡൽഹി: ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് താരത്തിന്റെ വിശദീകരണം. മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം മാനിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ പ്രതികരിച്ചു. കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം.
രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്ന് മേരി കോം പറഞ്ഞു. എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ല. ഏറ്റെടുത്ത പ്രവർത്തിയിൽ നിന്ന് പിന്മാറുന്നത് ദുഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തന്റെ രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒളിമ്പിക്സ് വേദിയിൽ താനുണ്ടാവുമെന്നും മേരി കോം വ്യക്തമാക്കി.
ഒളിമ്പിക്സിൽ മെഡൽ ജേതാവായ ബോക്സിംഗ് താരത്തിന്റെ സേവനം നഷ്ടമായതിൽ ദുഃഖമുണ്ടെന്ന് പി ടി ഉഷ പ്രതികരിച്ചു. മേരി കോമുമായി സംസാരിച്ചു. അവരുടെ വ്യക്തിപരമായ കാരണങ്ങളെ മാനിക്കുന്നു. ഒളിമ്പിക്സ് വേദിയിൽ മേരി കോമിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പി ടി ഉഷ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.