സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ല: മുഖ്യമന്ത്രി

സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ല: മുഖ്യമന്ത്രി

തൃശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ട് തൃശൂരില്‍ സുരേഷ് ഗോപി രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ജനങ്ങള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ്. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. തൃശൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാല്‍ അത് സുരേഷ് ഗോപിയെ രക്ഷിക്കാന്‍ ആണെങ്കില്‍ അത് നടക്കില്ല. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി തന്നെ ഇവിടെ നടക്കും. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയോട് ബിജെപിയ്ക്ക് അതിന്റേതായ ഒരു നിലപാടുണ്ടെന്നും അത് കേരളത്തെ തകര്‍ക്കുകയെന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കടമെടുപ്പ് പരിധിയില്‍ തിരിച്ചടിയുണ്ടായെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്നും അദേഹം വ്യക്തമാക്കി.

കടുത്ത വിദ്വേഷ സമീപനമാണ് ബിജെപി കേരളത്തോട് കാണിക്കുന്നത്. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ അന്ന് കൃത്യമായി കേരള സര്‍ക്കാര്‍ സഹകരണ മേഖലയോട് ഒപ്പം നിന്നു.

കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകത ജനങ്ങളുടെ വിശ്വാസം നേടിയ ഒന്നാണ് എന്നതാണ്. അതിനാലാണ് ഓരോ സഹകരണ ബാങ്കിലും കോടികളുടെ ഇടപാട് നടക്കുന്നത്. ഇതേ വരെയുള്ള അനുഭവങ്ങളില്‍ നല്ല രീതിയിലാണ് സഹകരണ മേഖല മുന്നോട്ട് പോയത്. പക്ഷേ നമ്മുക്ക് അറിയാം മനുഷ്യരാണ് എല്ലാതിനും നേതൃത്വം നല്‍കുന്നത്.

ചിലരുടെ വഴിതെറ്റിയ നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവര്‍ക്ക് ഒരു വിട്ടുവീഴ്ചയും നല്‍കില്ല. കടുത്ത നടപടിയാണ് ഇത്തരക്കാര്‍ക്ക് എതിരെ വകുപ്പും സര്‍ക്കാരും എടുക്കുന്നത്. ഒരു സംഭവം നടന്നതിനെ തുടര്‍ന്ന് എല്ലാ സഹകരണ മേഖലയും അങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കും.

കരുവന്നൂരിന്റെ കാര്യത്തിലും ഇതേ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് ഏകദേശം 117 കോടി രൂപ തിരിച്ച് നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ബാങ്ക് ഇപ്പോള്‍ കൃത്യമായ ഇടപാട് നടത്തുന്നുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.