ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഴ; ഒമാനില്‍ മരിച്ചവരുടെ എണ്ണം 19 ആയി; യു.എ.ഇയിലും വെള്ളക്കെട്ടും ആലിപ്പഴ വര്‍ഷവും രൂക്ഷം

ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഴ; ഒമാനില്‍ മരിച്ചവരുടെ എണ്ണം 19 ആയി; യു.എ.ഇയിലും വെള്ളക്കെട്ടും ആലിപ്പഴ വര്‍ഷവും രൂക്ഷം

ദുബായ്: ഒമാനു പിന്നാലെ യു.എ.ഇയിലും കനത്ത മഴ തുടരുന്നു. ദുബായ് ഉള്‍പ്പടെ വിവിധ എമിറേറ്റുകളില്‍ ഇന്നലെ വൈകിട്ട് മുതല്‍ മഴ തുടങ്ങിയിരുന്നു. ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്.

പലയിടത്തും വെള്ളം നിറഞ്ഞ് റോഡ് ഗതാഗതം മന്ദഗതിയിലായി. ചില റോഡുകള്‍ തകരുകയും ചെയതു. ഇടുങ്ങിയ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കാല്‍നടയാത്രയും പ്രതിസന്ധിയിലാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

കുട്ടികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ ഇന്നും നാളെയും പഠനം ഓണ്‍ലൈനാണ്. റിമോട്ട് ക്ലാസുകള്‍ നടത്തണമെന്നാണ് എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നിര്‍ദേശിച്ചത്.

ഇന്ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. റാസല്‍ഖൈമയില്‍ പാര്‍ക്കുകളും ബീച്ചുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പ്രതിസന്ധികളെ നേരിടാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പുറംജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.

അല്‍ ഐനിലെ അല്‍ ക്വാ മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി റോഡ് തകര്‍ന്നു. വെള്ളച്ചാട്ടത്തിന് സമാനമായി മണ്ണിടിഞ്ഞ് റോഡിന്റെ വലിയൊരു ഭാഗം വിഴുങ്ങിയതിനാല്‍ വാഹനയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ശക്തമായ മണ്ണിടിച്ചിലില്‍ ഒരു കാര്‍ ഒഴുകിപ്പോവുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

നാളെ (ബുധനാഴ്ച) വരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.

ഒമാനിലും ശക്തമായ കാറ്റും മഴയും തുടരുന്നു. രണ്ട് ദിവസങ്ങളിലായി പെയ്ത മഴയില്‍ മലയാളിയുള്‍പ്പെടെ 19 പേര്‍ മരിച്ചു. തിങ്കളാഴ്ച സ്ത്രീയുടെയും കുട്ടിയുടെയും ഉള്‍പ്പെടെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍നിന്ന് നാലു പേരുടെ മൃതദേഹവും മൂന്നു പേരുടെ മൃതദേഹം ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ ഇടങ്ങളില്‍നിന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി കണ്ടെത്തി.

ജീവന്‍ പൊലിഞ്ഞവയില്‍ 12 പേരും കുട്ടികളാണ്. രാജ്യത്ത് ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ അറിയിച്ചിട്ടുള്ളത്. റോയല്‍ ഒമാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിവിധ ഇടങ്ങളിലായി കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചു.

കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിവിധയിടങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസവും നേരിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അമീറാത്ത്-ബൗഷര്‍ ചുരം റോഡ് താല്‍ക്കാലികമായി അടച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

താഴ്വരകള്‍ക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.