സിഡ്‌നി: പള്ളിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയായ കൗമാരക്കാരനോട് ക്ഷമിച്ചതായി അസീറിയന്‍ ഓര്‍ത്തഡോക്സ് ബിഷപ് മാര്‍ മാറി ഇമ്മാനുവേല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ബിഷപ്പ് ആശുപത്രിക്കിടക്കയില്‍ നിന്നാണ് തന്റെ ആദ്യ പ്രതികരണം അറിയിച്ചത്. താന്‍ സുഖം പ്രാപിക്കുന്നുവെന്നും കൗമാരക്കാരനായി പ്രാര്‍ത്ഥിക്കുന്നുവെന്നുമുള്ള ബിഷപ്പ് ഇമ്മാനുവേലിന്റെ ഓഡിയോ സഭാ നേതൃത്വമാണ് പുറത്തുവിട്ടത്.
ക്രിസ്തു പഠിപ്പിച്ച ക്ഷമ ജീവിതത്തിലും പകര്‍ത്തിയ ബിഷപ്പിന്റെ കൗമാക്കാരനോടുള്ള സന്ദേശം ഇങ്ങനെയായിരുന്നു - 'ഈ പ്രവൃത്തി ആരാണോ ചെയ്തത് അയാളോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. നീ എന്റെ മകനാണ്; അവനോട് പറയണം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എപ്പോഴും നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ ആക്രമണം നടത്താന്‍ നിന്നെ അയച്ചവര്‍ ആരായാലും യേശുവിന്റെ മഹത്തായ നാമത്തില്‍ ഞാന്‍ അവരോടും ക്ഷമിക്കുന്നു'.
താന്‍ സുഖം പ്രാപിക്കുന്നുവെന്നും ആക്രമണത്തില്‍ പ്രതികാരം അരുതെന്നും ക്രിസ്തുവിനെപ്പോലെ പ്രതികരിക്കണമെന്നും ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഡ്‌നിയിലെ പടിഞ്ഞാറന്‍ മേഖലയായ വേക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാര്‍ മാറി ഇമ്മാനുവേലിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ 16കാരന്‍ കത്തിയുപയോഗിച്ച് കുത്തിയത്. ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ ഫാ. ഐസക് റോയേലിനും മറ്റ് വിശ്വാസികള്‍ക്കും കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ വൈദികനും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആശുപതിക്കു ചുറ്റും പോലീസ് കനത്ത സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.
പള്ളിയിലുണ്ടായ ആക്രമണത്തെതുടര്‍ന്ന് ജനക്കൂട്ടം തടിച്ചുകൂടി പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. അക്രമിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനു നേരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ സന്ദേശം.
'എല്ലാവരോടും സ്‌നേഹമല്ലാതെ മറ്റൊന്നും എന്റെ മനസിലില്ല. ആ വ്യക്തി ക്രിസ്ത്യാനി ആണെങ്കിലും അല്ലെങ്കിലും'. പ്രതികാരം ചെയ്യുന്നതിനു പകരം പ്രാര്‍ത്ഥിക്കാന്‍ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു: 'ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ പ്രിയപ്പെട്ട വിശ്വാസികളും ക്രിസ്തുവിനെപ്പോലെ പ്രവര്‍ത്തിക്കണം. കര്‍ത്താവായ യേശു ഒരിക്കലും നമ്മെ യുദ്ധം ചെയ്യാനോ പ്രതികാരം ചെയ്യാനോ പഠിപ്പിച്ചിട്ടില്ല. 'കണ്ണിന് കണ്ണും പല്ലിന് പല്ലും' എന്ന് യേശു ഒരിക്കലും നമ്മോടു പറഞ്ഞിട്ടില്ല-' ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബിഷപ്പിനെ കുത്തുന്നതിടെ പരിക്കേറ്റ കൗമാരക്കാരനെ പോലീസ് ആശുപത്രിയില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്കു കൊണ്ടുപോയി.
ഓസ്‌ട്രേലിയയില്‍ ബിഷപ്പിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇസ്ലാമിക് മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരന്‍ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.