രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; 102 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; 102 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് തുടങ്ങി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടിങ്.

അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.

1.87 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 16.63 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. എട്ട് കേന്ദ്ര മന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

80 ലോക്സഭ സീറ്റുകളുള്ള യുപിയില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. സഹാരണ്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിബിത്ത് എന്നിവയാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ കൂച്ച്ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി എന്നിവയും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരും ആദ്യ ഘട്ടത്തില്‍ വിധിയെഴുതും.

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം തേടുമ്പോള്‍, ഇന്ത്യ എന്ന സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ് പ്രതിപക്ഷം.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 51 സീറ്റിലും ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ 48 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇത്തവണയും പകുതിയിലേറെ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. നിതിന്‍ ഗഡ്കരി, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, സഞ്ജീവ് ബലിയാന്‍, ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്വാള്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

ഇവരെ കൂടാതെ ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ, തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ഡിഎംകെയുടെ കനിമൊഴി, കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ് എന്നിവരും മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത് ജൂണ്‍ ഒന്നിനാണ്. ജൂണ്‍ നാലിനാണ് ഫല പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.