പുലിയുടെ ആക്രമണത്തില്‍ സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരത്തിന് ഗുരുതര പരിക്ക്; രക്ഷയായത് വളര്‍ത്തുനായ

പുലിയുടെ ആക്രമണത്തില്‍ സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരത്തിന് ഗുരുതര പരിക്ക്; രക്ഷയായത് വളര്‍ത്തുനായ

ഹരാരെ: സിംബാബ്‌വെയുടെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഹ്യുമാനി പ്രദേശത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയാവുന്നത്. പുലിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുനായ ചിക്കാരയ്ക്കും ഗുരുതര പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയക്കായി വിറ്റാലിനെ തലസ്ഥാനമായ ഹരാരെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.

ആക്രമണത്തിന് പിന്നാലെ തന്നെ വിറ്റാലിനെ എയര്‍ ആംബുലന്‍സില്‍ ഹരാരെയിലെ ആശുപത്രിയിലെത്തിച്ചു. ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 51കാരനായ വിറ്റാല്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ ഹന്നാ സ്റ്റൂക്‌സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. താരത്തിന്റെ തലയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് കുറച്ചധികം രക്തം വാര്‍ന്നുപോയതായി മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ വളര്‍ത്തുനായയെ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റാലിന്റെ കട്ടിലിനടിയില്‍ നിന്ന് എട്ടടി നീളവും 150 കിലോ ഭാരവുമുള്ള ഭീമന്‍ മുതലയെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഓള്‍റൗണ്ടറായിരുന്ന വിറ്റാല്‍ ഒരു ദശാബ്ദത്തിനിടെ 46 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും സിംബാബ്‌വെയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2003ലാണ് ദേശീയ ടീമിനായി ഒടുവില്‍ കളിച്ചത്. സിംബാബ്‌വെയിലെ ഹ്യുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.