യുഎഇയിലെ പുതിയ പൗരത്വനിയമം; എങ്ങനെ, ആർക്കൊക്കെ അറിയാം

യുഎഇയിലെ പുതിയ പൗരത്വനിയമം; എങ്ങനെ, ആർക്കൊക്കെ അറിയാം

ദുബായ്: യുഎഇ പ്രഖ്യാപിച്ച പുതിയ പൗരത്വ നിയമം ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ വികസനയാത്രയ്ക്ക് ഒപ്പം നില്‍ക്കുന്ന പ്രതിഭകളെ ആകർഷിക്കാനാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് തീരുമാനം. പുതിയ പൗരത്വ നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദാണ് ട്വീറ്റ് ചെയ്തത്.

നിക്ഷേപകർ, ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, ഇൻവെന്റേഴ്സ്, ശാസ്ത്രജ്ഞർ, കലാകാരന്‍മാർ, പ്രതിഭകള്‍ ഇവരുടെയൊക്കെ കുടുംബാംഗങ്ങൾക്കും പൗരത്വത്തിന് അപേ‍ക്ഷിക്കാം. അതേസമയം, യുഎഇ പൗരത്വം ലഭിച്ചാലും സ്വന്തം രാജ്യത്തെ പൗരത്വം നിലനില്‍ക്കും. യുഎഇയിലെ താമസക്കാരന് മേല്‍ പറഞ്ഞ വിഭാഗങ്ങളിലുളളവർക്ക് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പൗരത്വത്തിന് അപേക്ഷിക്കാം.

ഭരണ കോടതികൾ, എക്സിക്യൂട്ടീവ് കൗൺസിലുകൾ, ഫെഡറൽ ഐഡന്റിറ്റികള്‍,മന്ത്രിസഭ തുടങ്ങിയവയുടെ നാമനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലൂടെയാണ് പൗരത്വം ലഭിക്കുക നിക്ഷേപകർക്ക് അവരുടേതായ സ്വന്തം സ്വത്ത് വകകള്‍ ഉണ്ടായിരിക്കണം. ഡോക്ട‍മാർക്കും വിദഗ്ധർക്കും അവരുടെ മേഖലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ സാധിച്ചിരിക്കണം. തന്റെ മേഖലയിലെ പ്രശസ്തമായ സ്ഥാപനത്തിലെ അംഗത്വവും 10 വ‍ർഷത്തില്‍ കുറയാത്ത ഗവേഷണവും പ്രായോഗിക അനുഭവവും ഉണ്ടായിരിക്കണം.

ശാസ്ത്രജ്ഞർ ഗവേഷണ കേന്ദ്രത്തിലോ സ്വകാര്യ മേഖലയിലെയോ ഗവേഷണം തുടരുന്നയാളായിരിക്കണം. പത്തു വ‍ർഷത്തില്‍ കുറയാത്ത പ്രായോഗിക പിരിജ്ഞാനമുണ്ടായിരിക്കണം. മേഖലയില്‍ പുരസ്കാരത്തിന‍ർഹമായ പ്രവ‍ർത്തനം നടത്തിയ ആളായിരിക്കണം. യുഎഇയിലെ അംഗീകൃത ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് ശുപാർശ കത്ത് വേണമെന്നതും നിർബന്ധം. ഇൻവെന്റേഴ്സിന്,യുഎഇ സാമ്പത്തിക മന്ത്രാലയമോ മറ്റേതെങ്കിലും പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനമോ അംഗീകരിച്ച ഒന്നോ അതിലധികമോ പേറ്റന്റുകള്‍ നേടേണ്ടതുണ്ട്. സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാർശകത്തും വേണം.

കലാ മേഖലകളിലെ പ്രതിഭകള്‍ ഒന്നോ അതിലധികമോ അന്താരാഷ്ട്ര അവാർഡ് ജേതാക്കളോ ആയിരിക്കണം. അനുബന്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ശുപാർശ കത്തും നിർബന്ധമാണ്. ഈ യോഗ്യതകള്‍ എല്ലാമുണ്ടെങ്കില്‍, രാജ്യത്തിന്റെ നിയമമനുസരിച്ച് പ്രവ‍ർത്തിക്കാന്‍ പ്രതിജ്ഞാബന്ധമാകണം.

വാണിജ്യ സ്ഥാപനങ്ങളും സ്വത്തുക്കളും സ്ഥാപിക്കുന്നതിനോ സ്വന്തമാക്കുന്നതിനോ ഉള്ള അവകാശം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ യു‌എഇ പൗരത്വം വാഗ്ദാനം ചെയ്യുന്നു. എന്നാൽ, പൗരത്വം പിന്‍വലിക്കണമെങ്കിൽ അനുബന്ധനിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പൗരത്വം പിന്‍വലിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.