ബിഷപ്പിനെതിരേ ഭീകരാക്രമണം: സിഡ്‌നിയിലെ റെയ്ഡുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം സംഘടനകള്‍; അഞ്ചു കൗമാരക്കാരുടെ മേല്‍ തീവ്രവാദക്കുറ്റം: മതം നോക്കിയല്ല അറസ്റ്റെന്ന് പൊലീസ്

ബിഷപ്പിനെതിരേ ഭീകരാക്രമണം: സിഡ്‌നിയിലെ റെയ്ഡുകളില്‍ അതൃപ്തി പ്രകടിപ്പിച്ച്  മുസ്ലിം സംഘടനകള്‍; അഞ്ചു കൗമാരക്കാരുടെ മേല്‍ തീവ്രവാദക്കുറ്റം: മതം നോക്കിയല്ല അറസ്റ്റെന്ന് പൊലീസ്

സിഡ്‌നി: സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തോടനുബന്ധിച്ച് പോലീസ് നടത്തിയ തീവ്രവാദ വിരുദ്ധ റെയ്ഡുകള്‍ക്കെതിരേ വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ മുസ്ലീം സംഘടനകള്‍. ഓസ്ട്രേലിയയുടെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളോട് ആലോചിക്കാതൊണ് ഇത്തരം റെയ്ഡുകള്‍ പോലീസ് നടത്തിയതെന്ന വാദമാണ് മുസ്ലീം സംഘടനകള്‍ ഉന്നയിക്കുന്നത്.

ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍, അലയന്‍സ് ഓഫ് ഓസ്ട്രേലിയന്‍ മുസ്ലിംസ്, ഓസ്ട്രേലിയന്‍ മുസ്ലിം അഡ്വക്കസി നെറ്റ്വര്‍ക്ക് എന്നീ പ്രധാന സംഘടനകളാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.

കഴിഞ്ഞ 15-ന് അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ മാര്‍ മാറി ഇമ്മാനുവലിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. മതപ്രചോദിതമായ കാരണങ്ങള്‍ മൂലമുള്ള ആക്രമണമാണിതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇത്തരം തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും അവര്‍ സമൂഹത്തിനു ഭീഷണി സൃഷ്ടിച്ചേക്കാമെന്നും പോലീസ് വിലയിരുത്തിയത്.

പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സിഡ്‌നിയിലുടനീളം നടത്തിയ പരിശോധനയില്‍ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടെത്തിയാണ് 15 നും 17 നും ഇടയില്‍ പ്രായമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ അഞ്ചു കൗമാരക്കാരുടെ മേല്‍ തീവ്രവാദക്കുറ്റം ചുമത്തി. ഇവരുടെ മൊബൈല്‍ ഫോണില്‍ ഇസ്ലാമിക് സ്റ്റേറ്റ് ശിരഛേദം നടത്തുന്ന വീഡിയോകളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്‍ട്ടൂണും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്.

ഇതില്‍ പതിനാലുകാരന് ജാമ്യം ലഭിച്ചു. ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ഗെയിമുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിണമെന്നും കുട്ടിയെ മനശാസ്ത്രജ്ഞനെ കാണിക്കണമെന്നും ജാമ്യ വ്യവസ്ഥകളില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വ്യാപക റെയ്ഡുകളിൽ മുസ്ലിം സമൂഹം അതൃപ്തരാണ്. തങ്ങളെ ഒറ്റപ്പെടുത്തുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും മത പ്രേരിതമായ തീവ്രവാദം എന്ന നിർവചനം ഒഴിവാക്കി നിയമനിര്‍മാണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നിയമങ്ങള്‍ തങ്ങളെ അന്യായമായി ലക്ഷ്യം വയ്ക്കുന്നതില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളും അറസ്റ്റുകളും നിരീക്ഷിച്ചാല്‍ തീവ്രവാദ നിയമങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന തോന്നല്‍ ശക്തിപ്പെടുത്തുന്നതായും നേതാക്കള്‍ ആരോപിച്ചു.

അതേസമയം, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ മുന്‍ഗണനയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡേവിഡ് ഹഡ്സണ്‍ പറഞ്ഞു. ഒരു സംഭവം നടക്കുമ്പോള്‍ പോലീസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയും ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ലിംഗഭേദം, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെയും പോലീസ് ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിഡ്‌നിയില്‍ ശാന്തത ഉറപ്പാക്കാന്‍ പ്രാദേശിക മത നേതാക്കളുമായി പോലീസ് ഇടപെടുന്നുണ്ടെന്നും ഡേവിഡ് ഹഡ്സണ്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26