ഭാരത സഭയ്ക്ക് അഭിമാന നിമിഷം: കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം അഭിഷിക്തനായി

ഭാരത സഭയ്ക്ക് അഭിമാന നിമിഷം: കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം അഭിഷിക്തനായി

തൃശൂര്‍: കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം അഭിഷിക്തനായി. ഇന്നലെ തൃശൂര്‍ വ്യാകുലമാതാവിന്റെ ബസിലിക്കയില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേര്‍മഠം ആംഗ്യഭാഷയില്‍ ദിവ്യബലി അര്‍പ്പിച്ചു.

ബസിലിക്ക ഇടവകയില്‍ താമസിക്കുന്ന തൃശൂര്‍ തലക്കോട്ടുകര തേര്‍മഠം ടി. എല്‍. തോമസിന്റെയും റോസിയുടെയും ഇളയമകനായ ജോസഫ് തേര്‍മഠത്തിനു ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലായിരുന്നു.

വൈദികനാകണമെന്ന് ബാല്യത്തിലേ മനസിലുറപ്പിച്ചു വളര്‍ന്ന ജോസഫിന് പരിമിതികള്‍ തടസമാകുമോ എന്നതായിരുന്നു ഭയം. ആ സമയത്താണ് കാഴ്ചയില്ലാത്ത ഒരാള്‍ വൈദികനായ വാര്‍ത്ത അറിഞ്ഞത്. ഇതോടെ വൈദികനാകണമെന്ന ജോസഫിന്റെ മോഹം വീണ്ടും ശക്തമായി. മാതാപിതാക്കളും പിന്തുണച്ചു.

പിതാവ് തോമസിന് മുംബൈയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ മുംബൈയിലാണ് പഠിച്ചതും വളര്‍ന്നതും. ബി.എസ്സി. സുവോളജി പഠനം പൂര്‍ത്തിയാക്കി.

ജ്യേഷ്ഠ സഹോദരന്‍ യു.എസില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ ബന്ധുവായ മറ്റൊരു വൈദികന്‍ പറഞ്ഞാണ് ഡൊമിനിക്കന്‍ മിഷണറി ഫോര്‍ ഡെഫ് എന്ന സെമിനാരി ഉള്ളതായി അറിഞ്ഞത്. തുടര്‍ന്ന് അമേരിക്കയിലെത്തി അവിടെ ഡൊമിനിക്കന്‍ മിഷണറീസ് ഓഫ് ദ ഡഫ് സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ ചേര്‍ന്നു. 2012 ല്‍ നിത്യവ്രതമെടുത്തു.


അപ്പോഴാണ് കേള്‍വി വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സന്യാസ സമൂഹത്തെപ്പറ്റി അറിയുന്നതും 2017 ല്‍ ഹോളിക്രോസ് സമൂഹാംഗമാകുന്നതും. കോട്ടയം അയ്മനത്ത് കേള്‍വി-സംസാര വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ക്ലാസുകളും പരിശീലനങ്ങളും നടത്തുന്ന നവധ്വനി എന്ന സ്ഥാപനം ഹോളി ക്രോസ് സന്യാസ സമൂഹം നടത്തുന്നുണ്ടായിരുന്നു.

ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ബധിര-മുകര്‍ക്കായുള്ള പ്രത്യേക മിനിസ്ട്രിക്കു നേതൃത്വം നല്‍കുന്ന ഫാ. ബിജു മൂലക്കര സ്ഥാപിച്ച നവധ്വനിയിലെത്തി ജോസഫ് തേര്‍മഠം പരിശീലനം നേടി.

2008 ല്‍ ആംഗ്യ ഭാഷയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച് ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബിജു മൂലക്കര. നവധ്വനിയിലെ പരിശീലനത്തിനുശേഷം പൂനയിലെ ഹോളിക്രോസ് സെമിനാരിയിലെത്തിയ ജോസഫ് വൈദികപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യേര്‍ക്കാട്ടുള്ള ആശ്രമത്തില്‍ ഒരു വര്‍ഷത്തെ നോവിഷ്യേറ്റും പൂര്‍ത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം നടത്തി.

ഫാ. ബിജു മൂലക്കരയുടെ കീഴില്‍ വൈദിക കര്‍മങ്ങള്‍ പഠിച്ച ശേഷം കഴിഞ്ഞ ഒരു മാസമായി വൈദികനാകാനുള്ള അവസാനവട്ട പരിശീലനവും നവധ്വനിയില്‍ പൂര്‍ത്തിയാക്കി. സ്വപ്നസാഫല്യം നേടി ബസിലിക്കയില്‍ ഫാ. ജോസഫ് തേര്‍മഠം പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ശബ്ദം നല്‍കിയതും ഫാ. ബിജു മൂലക്കരയായിരുന്നു.

ഹോളിക്രോസ് സമൂഹത്തിന്റെ ബധിര-മൂകര്‍ക്കായുള്ള മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കാനാണ് നവ വൈദികന്‍ ജോസഫിന്റെ തീരുമാനം. പള്ളികളില്‍ ബധിരര്‍ക്കായുള്ള വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാന്‍ നേതൃത്വം നല്‍കും. ആഗോള കത്തോലിക്കാ സഭയില്‍ ഇരുപത്തിയഞ്ചില്‍ അധികം ബധിര വൈദികര്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ബധിര സമൂഹത്തില്‍നിന്ന് ഒരാള്‍ വൈദിക പദവിയിലെത്തുന്നത്.

തിരുപ്പട്ട ശുശ്രൂഷകളില്‍ ഹോളിക്രോസ് സമൂഹത്തിന്റെ വികാരി ജനറാള്‍ മോണ്‍. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ ആര്‍ച്ച് ഡീക്കനായി. ജോസഫ് തേര്‍മഠത്തിന്റെ പിതൃസഹോദരന്‍ ഫാ. ജോര്‍ജ് തേര്‍മഠം മുഖ്യ സഹകാര്‍മികനായി. ഹോളി ക്രോസ് സൗത്ത് ഇന്ത്യന്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. റോക് ഡിക്കോസ്റ്റ, ഫാ. ജോയ് വെള്ളാട്ടുകാരന്‍, ഫാ. ബിജു മൂലക്കര, ഫാ. ജോര്‍ജ് കളരിമുറിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.