ജക്കാര്‍ത്ത: കണ്ണിന് താഴയുള്ള മുറിവ് സ്വയം ചികിത്സിച്ച് ഭേദപ്പെടുത്തി ശാസ്ത്ര ലോകത്തിന് അത്ഭുതമായി ഇന്തോനേഷ്യയിലെ ഒറാങ്ങുട്ടാന്‍.
ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടിയാണ് ഒറാങ്ങുട്ടാന്‍ സ്വയം ചികിത്സ നടത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്. ഒരു മൃഗം സ്വന്തം മുറിവ് ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമായാണ് ഗവേഷകര്‍ കാണുന്നത്. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികരില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം.
വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്.
ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലാണ് റാക്കസ് എന്ന് വിളിക്കുന്ന ഒറാങ്ങുട്ടാനെ പഠന സംഘം കണ്ടെത്തുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്.
അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു.
അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണമായും ഭേദമാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.