മുന്‍ പ്രധാനമന്ത്രിക്ക് പ്രത്യേക പരിഗണനയില്ല; തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടു ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തിരിച്ചയച്ചു

മുന്‍ പ്രധാനമന്ത്രിക്ക് പ്രത്യേക പരിഗണനയില്ല; തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടു ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തിരിച്ചയച്ചു

ലണ്ടന്‍: 'ഞാനാരാെണന്ന് തനിക്കറിയില്ലേ' - തിരിച്ചറിയല്‍ കാര്‍ഡ് രേഖ വീട്ടില്‍ മറന്നുവച്ച് വോട്ട് ചെയ്യാനെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പോളിങ് ബൂത്തില്‍ വച്ച് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം. എന്നാല്‍ നിയമത്തില്‍ നിന്നു കടുകിട വ്യതിചലിക്കാത്ത പോളിങ് ഓഫിസര്‍ക്കു മുന്നില്‍ ക്ഷമ പറഞ്ഞ് വോട്ട് ചെയ്യാന്‍ കഴിയാതെ മുന്‍ പ്രധാനമന്ത്രിക്ക് മടങ്ങിപോരേണ്ടി വന്നു.

കഴിഞ്ഞ ദിവസം രാവിലെ സ്വന്തം മണ്ഡലമായിരുന്ന അക്‌സ്ബ്രിഡ്ജിലെ സൗത്ത് ഓക്‌സ്‌ഫോര്‍ഡ്‌ഷെയര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനായെത്തിയ മുന്‍ പ്രധാനമന്ത്രിക്കാണ് മടങ്ങിപോകേണ്ടി വന്നത്. പിന്നീട് തിരിച്ചറിയല്‍ രേഖയുമായി മടങ്ങിയെത്തി ബോറിസ് വോട്ടു ചെയ്തു.

പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടുചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിരിക്കണമെന്ന പുതിയ ഇലക്ഷന്‍ ആക്ട് പാസാക്കിയത് 2022ലെ ബോറിസ് സര്‍ക്കാരാണ്. പാസ്‌പോര്‍ട്ട്, ബി.ആര്‍.പി. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി 22 തരം തിരിച്ചറിയല്‍ രേഖകളാണ് ഇതിനായി ഉപയോഗിക്കാവുന്നത്. ലോകമറിയുന്ന ആളായിട്ടും നിയമത്തില്‍ ഇളവു നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. ഇളവിനായി തര്‍ക്കിക്കാന്‍ ബോറിസും മുതിര്‍ന്നില്ല. ഏതാനും മാസം മുന്‍പ് നിലവിലെ പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തതിന് പിഴയടച്ച സംഭവവും ഉണ്ടായി.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ബോറിസിന്റെ വക്താവ് തയാറായില്ല. ബോറിസിനെപ്പോലെ മറ്റൊരു കണ്‍സര്‍വേറ്റീവ് എംപി ടോം ഹണ്ടും സമാനമായ രീതിയില്‍ തിരിച്ചറിയല്‍ രേഖ മറന്ന് പോളിങ് ബൂത്തിലെത്തി. ഇദ്ദേഹം പിന്നീട് തനിക്കായി വോട്ടുചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തി (പ്രോക്‌സി വോട്ട്) മടങ്ങി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 107 ലോക്കല്‍ അതോറിറ്റികളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.